ലോക ജനസംഖ്യയില്‍ നാലിലൊന്ന് പേരും ജലക്ഷാമം നേരിടുന്നു; കര്‍മ പദ്ധതിയുമായി ജല ഉച്ചകോടി

ജലസംരക്ഷണത്തിന് കര്‍മപദ്ധതി രൂപീകരിക്കാന്‍ യു.എന്‍. ജല ഉച്ചകോടിയില്‍ നിര്‍ദേശം. നൂതന സാങ്കേതിക വിദ്യയും രാജ്യാന്തര സഹകരണവും  അനിവാര്യമാണെന്നും ഉച്ചകോടിയില്‍ പങ്കെടുത്ത പ്രതിനിധികള്‍ പറഞ്ഞു. മൂന്നുദിവസത്തെ സമ്മേളനം ഇന്ന് സമാപിക്കും

നിലവില്‍ ലോകം നേരിടുന്ന ശുദ്ധജല പ്രതിസന്ധി മറികടക്കാന്‍ യോജിച്ചുള്ള പ്രവര്‍ത്തനം വേണമെന്ന് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ ആവശ്യപ്പെട്ടു. നൂതന സാങ്കേതിക വിദ്യ വികസിപ്പിക്കാനും പ്രയോജനപ്പെടുത്താനും സാധിക്കണം. ഇതിന് വന്‍തോതിലുള്ള നിക്ഷേപം ആവശ്യമാണ്. ലോക ജനസംഖ്യയില്‍ നാലിലൊന്ന് പേരും ശുദ്ധജല ക്ഷാമം അനുഭവിക്കുന്നുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞു. ബുധനാഴ്ച ന്യൂയോര്‍ക്കില്‍ ആരംഭിച്ച ഉച്ചകോടി ഇന്ന് സമാപിക്കും.

രാഷ്ട്രനേതാക്കളും മന്ത്രിമാരും അടക്കം 6500 പേര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. 1977 ന് ശേഷം ആദ്യമായാണ് യു.എന്‍. ജല ഉച്ചകോടി നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. അതേസമയം പാരീസ് കാലാവസ്ഥാ ഉടമ്പടി പോലെ സുപ്രധാന കരാറുകള്‍ ജല ഉച്ചകോടിയില്‍ ഉണ്ടാവില്ല.