ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങിന് റഷ്യയില്‍ നല്‍കിയത് ഊഷ്മള സ്വീകരണം

president
SHARE

ത്രിദിന സന്ദര്‍ശനത്തിനെത്തിയെ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പിങിന് റഷ്യയില്‍ ഊഷ്മള സ്വീകരണം. പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനെ വാനോളം പുകഴ്ത്തിയ ഷീ ചിന്‍ പിങ് ചൈനയും റഷ്യയും നല്ല അയല്‍ക്കാരാണെന്നും പറഞ്ഞു. യുക്രെയ്ന്‍ സംഘര്‍ഷം പരിഹരിക്കാനുള്ള ചൈനയുടെ നീക്കങ്ങളെ ബഹുമാനത്തോടെയാണ് കാണുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ പ്രതികരിച്ചു

റഷ്യ– ചൈന നയതന്ത്ര ബന്ധത്തിനപ്പുറം ഷീ ചിന്‍ പിങും വ്ലാഡിമിര്‍ പുട്ടിനും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തിനു കൂടിയാണ് ക്രെംലിന്‍ സാക്ഷ്യംവഹിച്ചത്. പ്രിയപ്പെട്ട സുഹൃത്തേ എന്നാണ് നേരില്‍ കണ്ടപ്പോള്‍ ഇരു നേതാക്കളും പരസ്പരം അഭിസംബോധന ചെയ്തത്. പുട്ടിന്റെ നേതൃത്വത്തില്‍ റഷ്യ വളരെയേറെ പുരോഗതി കൈവരിച്ചെന്നും അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയിലെ ജനങ്ങള്‍ പുട്ടിനെ വീണ്ടും ജയിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും ഷീ ജിന്‍പിങ് പറഞ്ഞു. ചൈനയ്ക്കും റഷ്യയ്ക്കും സമാനമായ ലക്ഷ്യങ്ങളാണുള്ളത്. അത് നേടാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാമെന്നും ഷീ പറഞ്ഞു. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ യുക്രെയ്ന്‍ യുദ്ധവും ചര്‍ച്ചയായി. സമാധാനം പുനഃസ്ഥാപിക്കാന്‍ ചൈന മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് വ്ലാഡിമിര്‍ പുട്ടിന്‍ പ്രതികരിച്ചു.  രാജ്യാന്തര വിഷയങ്ങളില്‍ ചൈന മാന്യവും നിഷ്പക്ഷവുമായ നിലപാടാണ് കൈക്കൊള്ളുന്നത്. സമീപകാലത്ത് ചൈന നേടിയ വളര്‍ച്ച അസൂയാവഹമാണെന്നും പുട്ടിന്‍ പറ‍ഞ്ഞു. ഇന്നലെ റഷ്യന്‍ പ്രസിഡന്റ് ഒരുക്കിയ വിരുന്നില്‍ ഷീ ചിന്‍ പിങ് പങ്കെടുത്തു. ഇന്ന് ഇരുനേതാക്കളും തമ്മില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തും. 

Chinese President Xi Jinping received a warm welcome in Russia on his three-day visit

MORE IN WORLD
SHOW MORE