നാലു പതിറ്റാണ്ട് മുൻപ് പിരിഞ്ഞു; ഒടുവില്‍ പ്രണയസാക്ഷാത്കാരം; ഷീൻ ഇനി സ്റ്റീഫന് സ്വന്തം

43 വർഷങ്ങൾക്ക് മുൻപ് ഷീൻ ഗുസ്താവ്സൺ തന്റെ കാമുകനായ സ്റ്റീഫന്‍ വാട്സിനോട് ഒരു യാത്ര പറഞ്ഞു. ഒരിക്കലും ഒന്നാകാൻ കഴിയാത്ത തിമിംഗലത്തിന്റെയും പക്ഷിയുടേയും പ്രണയം പോലെ ഏറ്റവും ഹൃദയഭേദകമായി തോന്നിയിട്ടുണ്ടാകും അവർക്ക്. എന്നാൽ പ്രണയത്തിന് സമയവും കാലവും ഒന്നുമില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഇവർ. പ്രണയകഥ കാര്യമായതോടെ നവ ദമ്പതികളുടെ ജീവിതത്തിലേക്ക് സര്‍വ നന്മകളും നേരുകയാണ് ലോകം മൊത്തം. എന്തിനെങ്കിലും വേണ്ടി കാത്തിരുന്നാൽ പ്രപഞ്ചം മുഴുവൻ കൂടെ നിൽക്കും എന്നു പറയുന്നപോലെ..

1971ൽ തങ്ങളുടെ കോളേജ് കാലഘട്ടത്തിലാണ് ഇരുവരും കാണുന്നത്. ഷീനിന്റെ അമ്മയുടെ നിർബന്ധമാണ് അവർ വേർപിരിഞ്ഞതിന് കാരണം. സ്റ്റീഫൻ കറുത്ത വർഗക്കാരനാണ് എന്നതായിരുന്നു അമ്മയുടെ പ്രശ്നം. ഇപ്പോൾ അറുപത്തൊൻപതുകാരിയായ ഷീൻ സ്റ്റീഫന്റെ സ്വന്തമായിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങൾ അവർക്ക് അത്രമേൽ വിഷമകരമായിരുന്നെന്ന് അവര്‍ പറയുന്നു. രണ്ട് പേരും അവരവരുെട വഴിക്ക് പോയിരുന്നു. ഇരുവരും വിവാഹമോചിതരായിരുന്നു. ബന്ധുവിലൂടെയാണ് ഷീൻ തന്റെ കാമുകനെ അന്വേഷിച്ചെടുക്കുന്നത്. അപ്പോഴേക്കും, രോഗം ബാധിച്ച അവസ്ഥയിൽ നേഴ്സിങ് ഹോമിലായിരുന്നു സ്റ്റീഫന്‍ വാട്സ്. ഒരിക്കലും നടക്കില്ലെന്നു കരുതിയ ഒരു പ്രണയസാക്ഷാല്‍ക്കാരമായിരുന്നു പിന്നെ കണ്ടത്. 

വർഷങ്ങൾക്ക് ശേഷം തന്നെ കണ്ടപ്പോൾ തന്നെ വാട്സിന് മനസിലായി എന്ന് ഷീൻ പറഞ്ഞു. വാട്സ് ഇപ്പോഴും തന്നെ സ്നേഹിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു എന്നും ഷീൻ കൂട്ടിച്ചേർത്തു. തന്റെ ആത്മാവും ഹൃദയവും എന്നാണ് വാട്സ് ഷീനിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന വിവാഹവും, അതിന് പിന്നിലെ കഥയും ലോകമറിയുന്നത് പീപ്പിൾസ് മാഗസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെയാണ്.