അമ്മയുടെ മരണത്തിൽ അവധി എടുത്തു; തിരിച്ചെത്തിയപ്പോൾ പിരിച്ചുവിട്ട് ഗൂഗിൾ

ജീവനക്കാരെ ഗൂഗിൾ പിരിച്ചുവിടുന്നു എന്ന വാർത്താ ഏതാനും ദിവസം മുൻപാണ് ആശങ്ക നിറച്ച് എത്തിയത്. ആയിരക്കണക്കിന് ആളുകൾക്കാണ് പുതിയ ജോലി തേടി ഇറങ്ങേണ്ടി വരുന്നത്. അതിനിടയിൽ, അമ്മയുടെ മരണത്തിന് ശേഷം തിരികെ എത്തിയപ്പോൾ ജോലി പോയ ഗൂഗിൾ ജീവനക്കാരന്റെ കുറിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്. 

അമ്മയുടെ മരണത്തെ തുടർന്ന് അവധിയിലായിരുന്നു ടോമി യോർക്ക് എന്ന ഗൂഗിളിലെ സോഫ്റ്റ്് വെയർ എഞ്ചിനിയർ. ഗൂഗിൾ തന്നെ പുറത്താക്കിയതിനെ കുറിച്ച് ലിങ്ക്ഡ്ഇനിലൂടെയാണ് ടോമിയുടെ പ്രതികരണം. ഡിസംബറിലായിരുന്നു അർബുദ ബാധയെ തുടർന്ന് ടോമിയുടെ അമ്മയുടെ മരണം. വലിയ ഉത്കണ്ഠയ്ക്കും സമ്മർദത്തിനും ശേഷമാണ് ജോലിയിൽ തിരിച്ചെത്തിയത്. എന്നാൽ പിരിച്ചുവിടൽ മുഖത്തേറ്റ അടി പോലെയാണ് തോന്നിയത് എന്നും ടോമി പറയുന്നു. 

കോർപ്പറേറ്റ് സംസ്കാരം ജീവനക്കാരുടെ മാനസികാരോഗ്യത്തെ കൈകാര്യം ചെയ്യുന്നതിലെ നിരാശ ടോമി യോർക്ക് പങ്കുവെക്കുന്നു. പാൻക്രീയാറ്റിക് കാൻസറിന്റെ അവസാന ഘട്ടത്തിലായിരുന്നു അമ്മ. അമ്മയുടെ കീമോ തെറാപ്പിക്കൊപ്പം ജോലിയും മുൻപോട്ട് കൊണ്ടുപോവുക പ്രയാസമായി. അമ്മയുടെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടം. മറ്റ് കമ്പനികളിൽ ജോലി ചെയ്യാൻ വേറെയും അവസരം ലഭിക്കും. എന്നാൽ മാതാപിതാക്കളുടെ മരണം ഒരിക്കൽ മാത്രമാണ് ഉണ്ടാവുക, ലിങ്ക്ഡ്ഇന്നിൽ ടോണി യോർക്ക് കുറിച്ചു. 

12000 പേരെയാണ് ജോലിയിൽ നിന്ന് ഗൂഗിൾ പിരിച്ചുവിട്ടത്. സിസ്റ്റത്തിൽ പ്രവേശിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് ജോലി നഷ്ടമായ കാര്യം പലരും തിരിച്ചറിയുന്നത്. കൂടുതൽ മോശമായ സാഹചര്യം ഒഴിവാക്കാനാണ് ജീവനക്കാരിൽ 6 ശതമാനം പേരെ പിരിച്ചുവിടുന്നത് എന്നാണ് സിഇഒ സുന്ദർ പിച്ചൈ പ്രതികരിച്ചത്. 

google employee note on layoff