ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉപയോഗിക്കാം; ട്രംപിന്റെ വിലക്ക് നീക്കി മെറ്റ

രണ്ടു വർഷത്തെ ഇടവേളക്കു ശേഷം മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം  വിലക്ക് നീക്കി ഫേസ്ബുക്ക് മാതൃ സ്ഥാപനമായ മെറ്റ. 2021 ലുണ്ടായ കാപിറ്റോള്‍ ലഹളയെത്തുടർന്നായിരുന്നു ട്രംപിനെ ഫേസ്ബുക്ക് വിലക്കിയത്. ഉടന്‍തന്നെ ട്രംപിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പുനസ്ഥാപിക്കുമെന്നും എന്നാൽ മെറ്റയുടെ നിയമങ്ങള്‍ ലംഘിച്ചാൽ വീണ്ടും വിലക്കേർപ്പെടുത്തുവെന്നും  മെറ്റ ഗ്ലോബല്‍ പ്രസിഡന്റ് നിക് ക്ലെഗ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.

എന്നാൽ ട്രംപ് ഫേസ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും തിരിച്ചെത്തുമോ എന്ന കാര്യം വ്യക്തമല്ല.ഇക്കാര്യത്തിൽ പ്രതികരിക്കാൻ ട്രംപിന്റെവക്താക്കളും തയ്യാറായിട്ടില്ല. ഫേസ്ബുക്ക് വിലക്കിനെ പരിഹസിച്ച് ട്രംപ് നേരത്തെ രംഗത്തു വന്നിരുന്നു. തന്റെ അഭാവത്തിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഫേസ്ബുക്കിനുണ്ടായത് എന്നായിരുന്നു ട്രംപിന്റെ പരിഹാസ പ്രസ്താവന. 

2021 ജനുവരി ആറിനാണ് യു.എസ് കാപിറ്റോൾ കലാപം നടന്നത്. യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ  ട്രംപ് പരാജയപ്പെട്ടതിനെ തുടർന്നാണ് ട്രംപ് അനുകൂലികൾ കലാപമുണ്ടാക്കിയത്.കലാപം ട്രംപിന്റ  പിന്തുണയോടെയാണ് നടന്നതെന്ന ആരോപണവും  ഉയർന്നിരുന്നു. കൂടാതെ കലാപം യു.എസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോബൈഡന്റെ വിജയം അംഗീകരിക്കുന്നത് തടയാനാണെന്ന നിലയിലും ആരോപണമുണ്ടായിരുന്നു.   

ഫേസ്ബുക്കിനു പുറമെ ട്രംപിന്റെ ട്വിറ്റർ അക്കൗണ്ടിനും വിലക്കേർപ്പെടുത്തിയിരുന്നു. 88 മില്യൺ ആളുകളാണ് ട്രംപിനെ ട്വിറ്ററിൽ പിന്തുടർന്നിരുന്നത്. സാമൂഹ്യ മാധ്യമങ്ങളിലെ വിലക്കിനെത്തുടർന്ന് ട്രൂത്ത് സോഷ്യൽ എന്ന സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിലൂടെയായിരുന്നു ട്രംപ് വിവരങ്ങൾ പങ്കു വെച്ചിരുന്നത്. അഞ്ചു മില്യണിൽ താഴെയായിരുന്നു ട്രൂത്ത് സോഷ്യലിൽ ട്രംപിന്റെ ഫോളോവേഴ്സ്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ കഴിഞ്ഞ നവംബറിലാണ് ട്രംപിന്റെ ട്വിറ്റർ വിലക്ക് നീക്കിയത്.

Donald Trump To Be Allowed Back On Facebook, Instagram After 2-Year Ban