യുക്രെയ്ന് ആയുധം നൽകുന്നതിൽ ഭിന്നത; തീരുമാനം എടുക്കാതെ ജർമനിയും യുഎസും

ukraine
SHARE

യുക്രെയ്ന് അത്യാധുനിക യുദ്ധ ടാങ്കുകള്‍  നല്‍കുന്നതിനെ ചൊല്ലി പാശ്ചാത്യരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത. ലിയോപാര്‍ഡ് 2 ടാങ്കുകള്‍ അടിയന്തരമായി നല്‍കണമെന്ന യുക്രെയ്ന്റെ അപേക്ഷയില്‍ ജര്‍മനി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കരുത്തുറ്റ എം 1 അബ്രാംസ് ടാങ്ക് നല്‍കാന്‍ യു.എസും തയാറല്ല. ആയുധങ്ങള്‍ നല്‍കുന്നതില്‍ തീരുമാനം വൈകുന്നത് രാജ്യത്തെ കൂടുതല്‍ ജനങ്ങളുടെ മരണത്തിന് കാരണമാകുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വലോദിമര്‍ സെലന്‍സ്കി പ്രതികരിച്ചു. 

യുക്രെയനുമയുള്ള യുദ്ധത്തില്‍ റഷ്യയുടെ കുന്തമുനയായ ടി 90 ടാങ്കുകളോട് കിടപിടിക്കാന്‍ ശേഷിയുള്ളതാണ് ജര്‍മന്‍ നിര്‍മിത ലിയോപാര്‍ഡ് 2 ടാങ്കുകള്‍. പരിപാലനച്ചെലവ് കുറവാണ് എന്നതിനൊപ്പം അതി ശൈത്യത്തിലും സുഗമമായി ഉപയോഗിക്കാന്‍ കഴിയും എന്നതും ലിയോപാര്‍ഡ് 2 ആവശ്യപ്പെടാന്‍ യുക്രെയ്നെ പ്രേരിപ്പിക്കുന്നു. എന്നാല്‍ ഇത് നല്‍കാന്‍ ഇതുവരെയും ജര്‍മനി തയാറായിട്ടില്ല. സംഘര്‍ഷം കൂടുതല്‍ വഷളാകുമെന്ന ആശങ്കയാണ് ജര്‍മനിയെ പിന്‍തിരിപ്പിക്കുന്നത്. ജര്‍മനിയില്‍നിന്ന്  ലിയോപാര്‍ഡ് 2 ടാങ്കുകള്‍ വാങ്ങിയ മറ്റുപല യൂറോപ്യന്‍ രാജ്യങ്ങളും അത് യുക്രെയ്ന് നല്‍കാന്‍ തയാറാണ്. എന്നാല്‍ കരാര്‍ അനുസരിച്ച് മറ്റൊരു രാജ്യത്തേക്ക് ടാങ്ക് അയക്കണമെങ്കില്‍ ജര്‍മനിയുടെ അനുവാദം ആവശ്യമാണ്. അത് നല്‍കാനും ജര്‍മനി തയാറാവാത്തതില്‍ പല രാജ്യങ്ങളും പ്രതിഷേധം പരസ്യമായി അറിയിച്ചിട്ടുണ്ട് .  യു.എസിന്റെ കരുത്തുറ്റ എം. 1 അബ്രാംസ് ടാങ്ക് യുക്രെയ്ന് നല്‍കുകയാണെങ്കില്‍ ലിയോപാര്‍ഡ് 2 ടാങ്കും നല്‍കാമെന്നാണ് ജര്‍മനിയുടെ പരോക്ഷ നിലപാട്. എന്നാല്‍ പരിപാലനം ചെലവേറിയതാണെന്നും അതിനാല്‍ അബ്രാംസ് ടാങ്കുകള്‍ യുക്രെയ്ന് നല്‍കുന്നത് പ്രായോഗികമല്ലെന്നുമാണ് യു.എസ്. പറയുന്നത്. അതേസമയം ജര്‍മനിയിലെ റാംസ്റ്റീന്‍ എയര്‍ബേസില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാശ്ചാത്യ രാജ്യങ്ങളുടെ പ്രതിനിധികളുടെ യോഗത്തില്‍ യുക്രെയ്ന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ തീരുമാീനിച്ചു. 

MORE IN WORLD
SHOW MORE