താപനില പൂജ്യം ഡിഗ്രി; കൊടുംതണുപ്പിൽ വിറച്ച് യുക്രെയ്ൻ; വൈദ്യുതിയില്ല

ശൈത്യകാലമെത്തിയതോടെ യുക്രെയ്ന്‍ ജനത കടുത്ത ദുരിതത്തില്‍. അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിലെത്തി. റഷ്യന്‍ ആക്രമണത്തില്‍ വൈദ്യതി നിലയങ്ങള്‍ തകറാറിലായതോടെ തണുപ്പകറ്റാന്‍ വഴിയില്ലാതെ വലയുകയാണ് അന്‍പതുലക്ഷത്തോളം പേര്‍. റഷ്യ ശൈത്യത്തെ  ആയുധമാക്കുകയാണെന്ന് നാറ്റോ കുറ്റപ്പെടുത്തി

യുക്രെയ്ന്‍ ജനതയ്ക്കും സൈന്യത്തിനും ഇപ്പോള്‍ റഷ്യയെ മാത്രം നേരിട്ടാല്‍ പോര തണുപ്പിനോടും യുദ്ധം ചെയ്യണം. അന്തരീക്ഷ താപനില പൂജ്യത്തിനും താഴെയെത്തി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അത് മൈനസ് എട്ട് ഡിഗ്രിവരെ ആയേക്കും എന്നാണ് വിലയിരുത്തല്‍. ശീതക്കാറ്റുകൂടി ആവുമ്പോള്‍ തണുപ്പിന് തീവ്രതയേറും. സാധാരണ വീടുകളിലും സ്ഥാപനങ്ങളിലും തണുപ്പകറ്റുന്നത് ഹീറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ്. 

എന്നാല്‍ റഷ്യന്‍ ആക്രമണത്തില്‍ ഭൂരിഭാഗം വൈദ്യുത നിലയങ്ങളും തകര്‍ന്നതോടെ രാജ്യത്തെ അന്‍പത് ലക്ഷത്തോളം പേര്‍ ഇരുട്ടിലാണ്.  തണുപ്പകറ്റാന്‍ മാര്‍ഗമില്ലാതെ ഇവര്‍ വലയുന്നു. റഷ്യയാവട്ടെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇനിയും ആക്രമണം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇന്നലെ നടന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗം വൈദ്യുതി നിലയങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ചു. ശൈത്യകാലത്തെ റഷ്യ ആയുധമാക്കുകയാണെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു. യുക്രെയ്നിലെ വൈദ്യുത നിലയങ്ങള്‍ക്ക് സംഭവിച്ച തകരാര്‍ പരിഹരിക്കാന്‍ സഖ്യരാജ്യങ്ങള്‍ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്നിലെ വൈദ്യുത നിലയങ്ങള്‍ തകര്‍ന്നത് അയല്‍രാജ്യമായ മോള്‍ഡോവയെയും ബാധിച്ചു.