കോവിഡ് നിയന്ത്രണത്തിനെതിരെ പ്രതിഷേധം; അടിച്ചമർത്തി ചൈനീസ് ഭരണകൂടം

china-covid
SHARE

കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായ പ്രതിഷേധം അമര്‍ച്ച ചെയ്യാന്‍ കടുത്ത നടപടികളുമായി ചൈനീസ് ഭരണകൂടം. പ്രധാന തെരുവുകളിലെല്ലാം വന്‍ തോതില്‍ പൊലീസിനെ വിന്യസിച്ചു. പ്രകടനങ്ങളില്‍ പങ്കെടുത്ത പലരെയും സ്റ്റേഷനുകളിലേക്ക് വിളിച്ചുവരുത്താനും തുടങ്ങി. പ്രതിഷേധിക്കാനുള്ള ചൈനീസ് ജനതയുടെ അവകാശം സംരക്ഷിക്കണമെന്ന് യു.എന്‍. ആവശ്യപ്പെട്ടു

 കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ബെയ്ജിങ്ങും ഷാങ്ങ്ഹായും നഞ്ചിങ്ങുമടക്കം പ്രധാന നഗരങ്ങളെല്ലാം കനത്ത പൊലീസ് വലയത്തിലാണ്. 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥര്‍ റോന്ത് ചുറ്റുന്നുണ്ട്. പ്രതിഷേധ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം റോഡിന്റെ ഇരുവശവും കൂറ്റന്‍ ബാരിക്കേഡുകള്‍ ഉയര്‍ന്നു. ജനങ്ങള്‍ക്ക് ഒത്തുചേരാന്‍ സാധിക്കാത്ത വിധം നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. മാത്രമല്ല, കഴിഞ്ഞ ദിവസത്തെ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ തിരഞ്ഞ് കണ്ടെത്തുന്നുമുണ്ട്. പലരോടും രേഖകളുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനും വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു.  സമൂഹമാധ്യമ അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്. ഇതോടെ ചൈന നിലവില്‍ ശാന്തമാണ്. 

ലോക്ഡൗണ്‍ ഉള്‍പ്പെടെ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച മുതലാണ് ചൈനയില്‍ പ്രക്ഷോഭം ആരംഭിച്ചത്.    പ്രസിഡന്റ് ഷീജിന്‍പിങ്ങ് രാജിവയ്ക്കണമെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണം ഒഴിയണമെന്നും ഉള്ള മുദ്രാവാക്യങ്ങളും പ്രകടനങ്ങളില്‍ ഉയര്‍ന്നിരുന്നു. പ്രധാന നഗരങ്ങള്‍ക്കൊപ്പം ക്യാംപസുകളിലേക്കും പ്രതിഷേധം വ്യാപിച്ചതോടെയാണ് ഭരണകൂടം ശക്തമായ നടപടികളുമായി ഇറങ്ങിയത്. അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുകയാണ്. കഴിഞ്ഞ ദിവസം നാല്‍പതിനായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 

MORE IN WORLD
SHOW MORE