ചൈനീസ് സർക്കാരിനെ ഭയന്ന് മുങ്ങി; ജാക്ക് മാ ജപ്പാനിൽ; റിപ്പോർട്ട്

jackman-30
ചിത്രം: ഗൂഗിൾ
SHARE

ചൈനീസ് സർക്കാരിനെ വിമർശിച്ച് നോട്ടപ്പുള്ളി ആയതിന് പിന്നാലെ നാടുവിട്ട ആലിബാബ സഹസ്ഥാപകൻ ജാക്ക് മാ നിലവിൽ ടോക്കിയോയിൽ കഴിയുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ആറുമാസമായി ജാക്ക് മാ ടോക്കിയോയിലുണ്ടെന്ന് ഫിനാൻഷ്യൽ ടൈംസാണ് പുറത്തുവിട്ടത്. ജപ്പാനിൽ സുഗമമായി സഞ്ചരിക്കുന്നതിന് പുറമേ യുഎസിലേക്കും ഇസ്രയേലിലേക്കും ജാക്ക് മാ സന്ദർശനം നടത്തി മടങ്ങിവരാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

ചൈനയിലെ അതിസമ്പന്നനും ടെക് ഭീമനുമായിരുന്ന മാ ബെയ്ജിങുമായി ഇടഞ്ഞതോടെയാണ് നാടുവിടുന്നത്. ടെക്മേഖലയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെ മാ പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനായി. ചൈനീസ് സർക്കാർ വീട്ടുതടങ്കലിലാക്കിയെന്നായിരുന്നു അന്ന് പ്രചരിച്ച വാർത്തകൾ. 

 ടോക്കോയോയിലെ സോഫ്റ്റ് ബാങ്ക് ഗ്രൂപ് കോർപറേഷന്റെ സ്ഥാപകനും ആലിബാബയുടെ ആദ്യകാല നിക്ഷേപകനുമായ മസായോഷി സണിന്റെ പിന്തുണയോടെയാണ് ടോക്കിയോയിെല ജീവിതമെന്നും മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു. 

ടോക്കിയോയിലെ സ്വകാര്യ ആഡംബര ക്ലബുകളിൽ മായ്ക്ക് അംഗത്വമുണ്ടെന്നും ചൈനയിൽ നിന്ന് പോന്നപ്പോൾ തന്റെ ഷെഫിനെയും സുരക്ഷാപ്രവർത്തകരെയും മാ ഒപ്പം കൂട്ടിയിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ ആധുനിക കലാവസ്തുക്കൾ ശേഖരിക്കുകയും ഇതേക്കുറിച്ചുള്ള വിവരങ്ങൾ അറിയുകയും ചെയ്യുന്നതിൽ വ്യാപൃതനാണ് മാ എന്നും റിപ്പോർട്ട് പറയുന്നു. 

Jack Ma living in Tokyo, Report

MORE IN WORLD
SHOW MORE