കുടിയേറ്റ നിയന്ത്രണത്തിന് ബ്രിട്ടണ്‍; ഋഷി സുനകിന്റെ പുതിയ നീക്കം; വിദ്യാര്‍ഥികള്‍ക്ക് ആശങ്ക

കുടിയേറ്റക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ വിദ്യാര്‍ഥി വീസ നിയന്ത്രിക്കാനൊരുങ്ങി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. നിലവാരം കുറഞ്ഞ കോഴ്സുകള്‍ക്ക് ചേര്‍ന്നശേഷം കുടുംബാംഗങ്ങളെക്കൂടി ഒപ്പമെത്തിക്കുന്നത് വര്‍ധിച്ചതോടെയാണ് നീക്കമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. ബ്രിട്ടിഷ് സര്‍വകലാശാലകളില്‍ പലതും ലോകോത്തര നിലവാരമുള്ളവയാണ്. അവയ്ക്കുള്ള പിന്തുണ തുടരും. എന്നാല്‍ നിലവാരം കുറഞ്ഞ ബിരുദങ്ങളും കോഴ്സുകളും നടത്തുന്ന സര്‍വകലാശാലകളെ കുടിയേറ്റത്തിനുള്ള ഉപാധിയാക്കുന്നത് തടയേണ്ടിവരുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിലപാട്. എന്നാല്‍ 'നിലവാരം കുറഞ്ഞ ബിരുദം' എന്ന പ്രയോഗത്തിന് നിര്‍വചനം നല്‍കാന്‍ അവര്‍ തയാറായില്ല. കുടിയേറ്റനിയന്ത്രണ സംവിധാനത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുമെന്നും റിഷി സുനകിന്റെ ഓഫിസ് പറഞ്ഞു. 

2021 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെയുള്ള ഒരുവര്‍ഷക്കാലം 5,40,000 വിദേശികളാണ് ബ്രിട്ടീഷ് ജനസംഖ്യയുടെ ഭാഗമായത്. ഒരുവര്‍ഷത്തിനിടെ കുടിയേറിയ 11 ലക്ഷം പേരില്‍ നിന്ന് യുകെ വിട്ടുപോയവരുടെ സംഖ്യ കുറച്ചാണ് യഥാര്‍ഥ കുടിയേറ്റം കണക്കാക്കുന്നത്. 2020–21 കാലയളവില്‍ നെറ്റ് ഇമിഗ്രേഷന്‍ 1,73,000 മാത്രമായിരുന്നു. ഈ വര്‍ഷത്തെ നെറ്റ് ഇമിഗ്രേഷനില്‍ 2,77,000 വിദേശ വിദ്യാര്‍ഥികളാണെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് പറയുന്നു. യുക്രെയ്ന്‍, അഫ്ഗാനിസ്ഥാന്‍, ഹോങ്കോങ് അഭയാര്‍ഥികള്‍ക്ക് കൂടുതല്‍ വീസ നല്‍കിയതാണ് കുടിയേറ്റക്കണക്കില്‍ വന്ന വന്‍ വര്‍ധനയുടെ മറ്റൊരു പ്രധാന ഘടകം. 

ന്യൂ കാസിൽ സര്‍വകലാശാല

സര്‍ക്കാരില്‍ ഭിന്നത

വിദേശവിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാനുള്ള നീക്കത്തോട് ബ്രിട്ടീഷ് സര്‍ക്കാരിനുള്ളില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പുയരുന്നുണ്ട്. രാജ്യാന്തര വിദ്യാര്‍ഥികളുടെ എണ്ണം കുറച്ചാല്‍ ബ്രിട്ടണിലെ പല സര്‍വകലാശാലകളും പാപ്പരാകുമെന്ന് ധന, വിദ്യാഭ്യാസ, കുടിയേറ്റകാര്യ വകുപ്പുകള്‍ പറയുന്നു. ലണ്ടന്‍, കേംബ്രിജ്, ഓക്സ്ഫഡ് തു‌ടങ്ങിയ വിഖ്യാത സര്‍വകലാശാലകള്‍ക്ക് പ്രശ്നം വരില്ല. എന്നാല്‍ പിന്നാക്കമേഖലകളിലുള്ള സര്‍വകലാശാലകളെ ഇത് ഗുരുതരമായി ബാധിക്കും. വിദേശവിദ്യാര്‍ഥികളില്‍ നിന്ന് ലഭിക്കുന്ന ഉയര്‍ന്ന ഫീസ് ആണ് ഈ സര്‍വകലാശാലകളെ നിലനിര്‍ത്തുന്നത്. ഈ വരുമാനം കുറഞ്ഞാല്‍ ബ്രിട്ടീഷ് വിദ്യാര്‍ഥികളില്‍ നിന്ന് ഉയര്‍ന്ന ഫീസ് ഈടാക്കേണ്ടിവരുമെന്ന് വിദ്യാഭ്യാസവകുപ്പ് ചൂണ്ടിക്കാട്ടി. 

കുടിയേറ്റം രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്ക് ആവശ്യമാണെന്നാണ് ചാന്‍സലര്‍ ജെറമി ഹണ്ടിന്റെ നിലപാട്. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് ദീര്‍ഘകാലപദ്ധതിയാണ് ആവശ്യം. സമീപഭാവിയില്‍ ഇത് നടപ്പാക്കാനുമാവില്ലെന്നും ധനമന്ത്രി പറഞ്ഞു. 

ലീഡ്സ് സര്‍വകലാശാല

നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയനും തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നു. ബ്രിട്ടണില്‍ ലഭ്യമായ നൈപുണ്യശേഷി കണക്കിലെടുക്കുമ്പോള്‍ വിദേശവിദ്യാര്‍ഥികളെ തടയാനുള്ള നീക്കം പരിഹാസ്യമാണെന്ന് യൂണിയന്‍ പ്രതികരിച്ചു. സ്കോട്ട്ലന്‍ഡ് വിദ്യാഭ്യാസ സഹമന്ത്രി ജോണ്‍ സ്വിന്നിക്കും ഇതേ നിലപാടാണ്. സ്കോട്ട്ലന്‍ഡിലെ ലോകനിലവാരമുള്ള സര്‍വകലാശാലകളെ തകര്‍ക്കാനുള്ള നീക്കമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു.

എന്നാല്‍ ആഭ്യന്തരമന്ത്രി സ്യുവെല്ല ബ്രേവര്‍മാന്‍ വാര്‍ഷിക കുടിയേറ്റം ഒരുലക്ഷത്തില്‍ താഴെയാക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി നിലകൊള്ളുമെന്ന് പ്രഖ്യാപിച്ചു. വിദേശവിദ്യാര്‍ഥികള്‍ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നത് തടയുന്നതിന് പ്രഥമപരിഗണന നല്‍കുമെന്നാണ് ബ്രേവര്‍മാന്റെ നിലപാട്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയശേഷം കേരളത്തില്‍ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യുകെയിലേക്കുള്ള കുടിയേറ്റം, പ്രത്യേകിച്ച് വിദ്യാര്‍ഥി വീസ വഴിയുള്ള കുടിയേറ്റം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. അടുത്തിടെ സര്‍വകലാശാലകളില്‍ പ്രവേശനം നേടിയവരെയും സമാനമായ രീതിയില്‍ കുടിയേറ്റത്തിന് തയാറെടുക്കുന്നവരെയും പുതിയ നീക്കം ബാധിച്ചേക്കും. വിദ്യാര്‍ഥികളില്‍ ഇക്കാര്യത്തില്‍ കടുത്ത ആശങ്കയാണ് ഉയരുന്നത്. ഋഷി സുനകിന്റെ നീക്കത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

യുകെ സര്‍വകലാശാലകളിലെ വിദേശവിദ്യാര്‍ഥികള്‍

2020–21     6,05,130 

2019–20     5,56,625

2018–19     4,96,110 

2017–18     4,69,160 

2016–17     4,50,835 

വിദേശവിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കിയ ഫീസ്

(ഇപ്പോഴത്തെ വിനിമയ നിരക്കില്‍)

2020-21     98,253 കോടി രൂപ

2019–20     92,822 കോടി രൂപ

2018–19     8,17,63 കോടി രൂപ

2017–18     72,776 കോടി രൂപ

2016–17     65,469 കോടി രൂപ

Rishi Sunak Plans Restrictions On Foreign Students To Control Migration