‘സൂര്യന്റെ ചിരി’ അപൂർവ ചിത്രം പങ്കുവച്ച് നാസ; മനുഷ്യമുഖമുള്ള സൂര്യൻ വൈറൽ

സൂര്യൻ ചിരിക്കുമോ? സൂര്യനു മനുഷ്യനു സമാനമായ മുഖമുണ്ടോ?  സാങ്കൽപ്പികമായ ചോദ്യങ്ങളെന്നു തോന്നാമെങ്കിലും, അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത ചിത്രത്തിൽ സൂര്യൻ ‘ചിരിക്കുന്ന’തു കാണാം. മനുഷ്യനോടു രൂപസാദൃശ്യമുള്ള മുഖവും ഈ ചിത്രത്തിൽ സൂര്യനുണ്ട്. നാസ ട്വിറ്ററിൽ പങ്കുവച്ചതിനു പിന്നാലെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി.

സോളർ ഡൈനമിക്സ് ഒബ്സർവേറ്ററിയാണ് സൂര്യൻ ചിരിക്കുന്ന ചിത്രം പകർത്തിയതെന്ന് നാസ ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊറോണൽ ഹോൾസ് എന്ന് അറിയപ്പെടുന്ന ഇരുണ്ട ഭാഗങ്ങളാണ് സൂര്യന് ഇത്തരമൊരു ‘ചിരിക്കുന്ന മുഖം’ സമ്മാനിച്ചത്. സൂര്യന്റെ ചിരിക്കുന്ന മുഖം പുറത്തുവന്നതിനു പിന്നാലെ, വിവിധ വസ്തുക്കളുമായും കഥാപാത്രങ്ങളുമായും അതിനെ താരതമ്യപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു.