പരാഗ് ട്വിറ്റർ വിടുന്നത് വെറുംകയ്യോടെ അല്ല; മസ്ക് നഷ്ടപരിഹാരം നൽകേണ്ടത് 346 കോടി

ട്വിറ്റർ വാങ്ങിയതിനുപിന്നാലെ ഇലോൺ മസ്ക് പിരിച്ചുവിട്ട സിഇഒ പരാഗ് അഗർവാളിന് നഷ്ടപരിഹാരത്തുക എത്ര ലഭിക്കുമെന്നതാണ് ഇപ്പോൾ ചർച്ചാവിഷയം. 44 ബല്യൺ യുഎസ് ഡോളറിന് ട്വിറ്റർ വാങ്ങി ഇടപാടു തീർത്തതിനു പിന്നാലെതന്നെ പരാഗിനെയും സിഎഫ്ഒയെയും മറ്റും മസ്ക് പുറത്താക്കിയിരുന്നു. എന്നാൽ ഇവർക്ക് വെറുംകയ്യോടെ ട്വിറ്ററിൽനിന്ന് ഇറങ്ങിപ്പോകേണ്ടിവരില്ല.

ഏറ്റവും കൂടുതൽ നഷ്ടപരിഹാരം പരാഗിനാകും ലഭിക്കുക. 42 മില്യൻ യുഎസ് ഡോളറാണ് (ഏകദേശം 346 കോടി) ലഭിക്കുക. പരാഗിന്റെ അടിസ്ഥാന ശമ്പളവും ഓഹരികൾ തിരിച്ചെടുക്കുന്നതിന്റെയും മറ്റുമായാണ് ഇത്രയും തുക ലഭിക്കുകയെന്നു മേഖലയിലെ വിദഗ്ധരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

2021ൽ പിരിച്ചുവിടുകയായിരുന്നെങ്കിൽ പരാഗിന് 30.4 മില്യൻ യുഎസ് ഡോളറേ ലഭിക്കുകയുണ്ടായിരുന്നുള്ളൂ. സിഇഒ എന്ന നിലയിൽ ഒരു വർഷം 10 ലക്ഷം ഡോളറാണ് പരാഗിന്റെ ശമ്പളമെന്നാണ് റിപ്പോർട്ട്.

പിരിച്ചുവിടപ്പെട്ട സിഎഫ്ഒ നെഡ് സെഗാലിന് 25.4 മില്യൻ യുഎസ് ഡോളറും ചീഫ് ലീഗൽ ഓഫിസർ വിജയ ഗഡ്ഡെയ്ക്ക് 12.5 മില്യൻ യുഎസ് ഡോളറും ചീഫ് കസ്റ്റംസ് ഓഫിസറായ സാറാ പെർസൊണെറ്റിന് 11.2 മില്യൻ യുഎസ് ഡോളറുമാണ് ലഭിക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.