പാക്കിസ്ഥാനിൽ ആശുപത്രി മേൽക്കൂരയിൽ അഴുകിയ നിലയിൽ മൃതദേഹങ്ങൾ; അന്വേഷണം

പാക്കിസ്ഥാനിലെ മുൾട്ടാൻ നഗരത്തിൽ ആശുപത്രി മേൽക്കൂരയിൽ ഇരുന്നൂറോളം അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തി. നിഷ്താർ ആശുപത്രിയിലെ മോർച്ചറിയുടെ മേൽക്കൂരയിലാണു മൃതദേഹങ്ങൾ കണ്ടെടുത്തതെന്നു പാക്ക് ചാനലായ ജിയോ ന്യൂസ് റിപ്പോർട്ടു ചെയ്തു. മൃതദേഹങ്ങളല്ല, ശരീരാവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നാണു സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മോർച്ചറിയുടെ മേൽക്കൂരയിൽ അഴുകിയ മൃതദേഹങ്ങൾ കണ്ടെത്തിയതായി അജ്ഞാതൻ വിവരം നൽകിയതായി പാക്ക് പഞ്ചാബിലെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് താരിഖ് സമാൻ ഗുജ്ജാർ അറിയിച്ചെന്നാണു റിപ്പോർട്ട്. താൻ ആശുപത്രി സന്ദർശിക്കുന്നതിനിടെ, ഒരാളെത്തി നിങ്ങൾ എന്തെങ്കിലും നല്ല കാര്യം ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ മോർച്ചറിയുടെ മേൽക്കൂര പോയി നോക്കാൻ പറഞ്ഞതായി ഗുജ്ജാർ അറിയിച്ചു.

അയാൾ അവിടെ എത്തിയപ്പോൾ ആദ്യം അകത്തേക്കു കടത്തി വിട്ടില്ല. പിന്നീട് എഫ്ഐആർ ഫയൽ ചെയ്യുമെന്ന് അറിയിച്ചപ്പോഴാണ് വാതിൽ തുറന്നത്. അകത്തേക്കു കയറിയപ്പോൾ ഇരുന്നൂറോളം അഴുകിയ മൃതദേഹങ്ങൾ കിടക്കുന്നതു കണ്ടു. സ്ത്രീകളുടെ മൃതദേഹങ്ങളടക്കം വസ്ത്രമില്ലാതെയാണ് ഇട്ടിരുന്നത്. ഈ മൃതദേഹങ്ങൾ എന്തിനാണെന്നു ചോദിച്ചപ്പോൾ മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനാണെന്നാണ് അയാളോടു പറഞ്ഞതെന്നും ഗുജ്ജാർ അറിയിച്ചു.

മേൽക്കൂരയിൽ കിടക്കുന്ന ഈ മൃതദേഹങ്ങളിൽ കഴുകന്മാർ കൊത്തുകയും പുഴുവരിക്കുകയും ചെയ്യുന്നുണ്ട്. വിദ്യാർഥികൾ പഠനത്തിനായി ഉപയോഗിച്ച ശേഷം മൃതദേഹങ്ങൾ വലിച്ചെറിയാതെ കൃത്യമായി മറവു ചെയ്യാൻ നടപടികളുണ്ടാകണമെന്ന് അയാൾ അറിയിച്ചതായും ഗുജ്ജാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട വിഡിയോയും ചിത്രങ്ങളും ഇന്റർനെറ്റിൽ പ്രചരിച്ചതോടെ പഞ്ചാബ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു; ആറംഗ കമ്മറ്റി രൂപീകരിച്ചു. നിഷ്‍താർ മെഡിക്കൽ സർവകലാശാലാ വൈസ് ചാൻസലറും അന്വേഷണത്തിനായി മൂന്നംഗ സമിതിയെ രൂപീകരിച്ചിട്ടുണ്ട്.