കൃത്യമായ മറുപടി ഇല്ല; മ്യാൻമാറിലെ രക്ഷാപ്രവർത്തനം പാതിവഴിയിൽ മുടങ്ങി

മ്യാന്‍മറില്‍ സായുധ സംഘം തടങ്കലിലാക്കിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പാതിവഴിയില്‍. വിവരം പുറത്തായി ഒരാഴ്ച പിന്നിടുമ്പോഴും പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുകയല്ലാതെ ഒന്നും ചെയ്യാന്‍ വിദേശകാര്യമന്ത്രാലയത്തിനായില്ല. അതേ സമയം എംബസി മുഖേനെ ഇടപെടല്‍ വരുന്നതിനു മുന്‍പായി തടങ്കലിലുള്ളവരെ സായുധ സംഘം അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റുന്നതു തുടരുകയാണ്. ഇന്നു അവസാന ബാച്ച് ആളുകളെ കൂടി മാറ്റുമെന്നു കാണിച്ചുള്ള സന്ദേശം തടങ്കലിലുള്ളവര്‍ക്കു ലഭിച്ചു.

തായ്്ലന്‍ഡിലേക്കു ഡേറ്റ എന്‍ട്രി ജോലിക്കായി പോയ മൂന്നുറിലധികം ഇന്ത്യക്കാരെ സായുധ സംഘം മ്യാന്‍മറിലേക്കു തട്ടിക്കൊണ്ടുപോയെന്ന വിവരം മനോരമ ന്യൂസ് പുറത്തുവിട്ടത് ഈമാസം 20നാണ്. വിദേശകാര്യ സഹമന്ത്രി വി.മുരളീധന്‍ അടുത്ത ദിവസം തന്നെ മ്യാന്‍മറിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു സ്ഥിഗിതികള്‍ വിലയിരുത്തി. രക്ഷാശ്രമങ്ങള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. നയന്ത്രതലത്തിലെ നീക്കങ്ങള്‍ പലം കാണില്ലെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ മറ്റുവഴികള്‍ തേടുന്നതായി തൊട്ടുപിറകെ മ്യാന്‍മറിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. പിറകെ തായ്്ലന്‍ഡിലെ ഇന്ത്യന്‍ എംബസി തടങ്കലില്‍ കഴിയുന്ന ആളുകളുമായി ബന്ധപ്പെട്ട്, പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് അരനക്കവുമില്ലെന്നാണു തടങ്കലില്‍ ഉള്ളവര്‍ പറയുന്നത്. എംബസിയുടെ ഭാഗത്തു നിന്നു കൃത്യമായ മറുപടി പോലും ലഭിക്കുന്നില്ലെന്ന്, കുടുങ്ങികിടക്കുന്ന ആലപ്പുഴ സ്വദേശി മനോരമ ന്യൂസിനോടു പറഞ്ഞു.

തടങ്കലിലുള്ളവര്‍ക്കുനേരെ സായുധ സംഘം പ്രതികാര നടപടികള്‍ കടുപ്പിച്ചു. ശിക്ഷയുടെ ഭാഗമായി കിലോമീറ്ററുകള്‍ നിര്‍ത്താതെ ഓടിപ്പിക്കുന്നതാണു ദൃശ്യത്തിലുള്ളത്. ഇന്ത്യക്കാരെ ഇന്ന് മറ്റൊരു സ്ഥലത്തേക്കു മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിലെ താമസ സ്ഥലത്തെ വീട്ടുപകരണങ്ങളെല്ലാം സംഘം എടുത്തുക്കൊണ്ടുപോകുകയും ചെയ്തു.