
സൈനിക സേവനം നിര്‍ബന്ധമാക്കുമെന്ന സൂചനയെത്തുടര്‍ന്ന് റഷ്യയില്‍ നിന്നെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ഫിന്‍ലന്‍ഡ്, അതിര്‍ത്തി അടച്ചു. യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യന്‍ സേനയുടെ ഭാഗമാകേണ്ടി വരുമെന്ന ആശങ്കയെത്തുടര്‍ന്ന് ആയിരങ്ങളാണ് റഷ്യയില്‍ നിന്ന് അയല്‍രാജ്യങ്ങളിലേക്ക് കടക്കുന്നത്.
യുക്രെയ്നുമായുള്ള യുദ്ധത്തില്‍ തിരിച്ചടി നേരിട്ടതോടെ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ റഷ്യയില്‍ യുവാക്കള്‍ക്ക് സൈനിക സേവനം നിര്‍ബന്ധിതമാക്കുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. ഇതേതുടര്‍ന്നു യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്ന റഷ്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്. ഒരാഴ്ചക്കിെട രണ്ടു ലക്ഷത്തോളം റഷ്യക്കാരാണ് രാജ്യം വിട്ടത്. യൂറോപ്യന്‍ യൂണിയന്‍ അതിര്‍ത്തി ഏജന്‍സിയായ ഫ്രോണ്ടെക്സിന്റെ കണക്ക് പ്രകാരം കഴിഞ്ഞ നാല് ദിവസത്തിനിടെ 30,000 റഷ്യന്‍ പൗരന്‍മാര്‍ ഫിന്‍ലന്‍ഡിലെത്തി. വിനോദ സഞ്ചാരികളെന്ന പേരിലാണ് ഭൂരിപക്ഷവും അതിര്‍ത്തി കടന്നത്. റഷ്യക്കാരുടെ വരവ് ഫിന്‍ലന്‍ഡിന്‍റെ രാജ്യാന്തര ബന്ധങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുന്‍കരുതലിന്‍റെ ഭാഗമായാണ് അതിര്‍ത്തികള്‍ അടയ്ക്കുന്നതെന്ന് ഫിന്‍ലന്‍ഡ് വിദേശകാര്യമന്ത്രി പെക്കാ ഹാവിസ്റ്റോ പറഞ്ഞു. എന്നാല്‍ ജോലിക്കും പഠനത്തിനുമായി വരുന്നവര്‍ക്ക് തുടര്‍ന്നും പ്രവേശനം അനുവദിക്കുമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.