അമേരിക്കയില്‍ ഭീതിപടര്‍ത്തി ഇയാന്‍ ചുഴലിക്കാറ്റ് ഫ്ളോറിഡയിലെത്തി. മണിക്കൂറില്‍ 150 മൈല്‍ വേഗത്തിലാണ് ചുഴലിക്കാറ്റ് വീശുന്നത്. കനത്ത മഴയും കൊടുങ്കാറ്റും പലയിടങ്ങളിലും ജനജീവിതം സ്തംഭിപ്പിച്ചു. അതേസമയം, ക്യൂബയില്‍ ഇയാന്‍ ചുഴലിക്കാറ്റില്‍ രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

 

ക്യൂബയുടെ വിവിധയിടങ്ങളില്‍ കനത്ത മഴയും കൊടുങ്കാറ്റുമായി പതിച്ച ഇയാന്‍ ചുഴലിക്കാറ്റ്  പ്രാദേശികസമയം ഉച്ചകഴിഞ്ഞ് മൂന്ന് അഞ്ചിന് ഫ്ളോറിഡയിലെ സാനിബെല്‍ ദ്വീപില്‍ തൊട്ടു.150 മൈല്‍ വേഗത്തില്‍ കാറ്റഗറി നാല് വിഭാഗത്തിലുള്ള ചുഴലിക്കാറ്റാണ് ആഞ്ഞുവീശിയത്. കൊടുങ്കാറ്റിനൊപ്പം കനത്തമഴകൂടി പെയ്തതോടെ പലയിടങ്ങളും വെള്ളത്തിനടിയിലായി. 15 ലക്ഷം ഉപഭോക്താക്കളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. 

 

റോഡുകളില്‍ വെള്ളം നിറഞ്ഞതോടെ ഗതാഗതതടസവുമുണ്ടായി. ഇയാന്‍ ചുഴലിക്കാറ്റ് 25ലക്ഷത്തോളംപേരെ നേരിട്ട് ബാധിക്കുമെന്നാണ് കരുതുന്നത്. മൂന്ന് മണിക്കൂര്‍ പിന്നിട്ടതോടെ ഫ്ളോറിഡയില്‍ കാറ്റിന്‍റെ വേഗം 125 മൈലായി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ടംപായില്‍ വരും മണിക്കൂറുകളില്‍ കാറ്റഗറി അഞ്ചിലെത്തി ഇയാന്‍ ചുഴലിക്കാറ്റിന്‍റെ വേഗതകൂടിയേക്കാമെന്നതിനാല്‍ അതീവജാഗ്രതവേണമെന്ന് മേയര്‍ ജെയ്ന്‍ കാസ്റ്റര്‍ മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറണമെന്നാണ് നിര്‍ദേശം. 24 മണിക്കൂറിനകം പ്രളയസമാനസാഹചര്യമുണ്ടായേക്കാമെന്നും മേയര്‍ വ്യക്തമാക്കി.