
യു.എന്‍. ജനറല്‍ അംസബ്ലിയില്‍ റഷ്യക്കെതിരെ ആഞ്ഞടിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. ആണവായുധങ്ങള്‍ ഉപയോഗിച്ചേക്കുമെന്ന വ്ലാഡിമര്‍ പുട്ടിന്റെ ഭീഷണി ആ രാജ്യത്തിനുതന്നെ അപമാനമാണ്. റഷ്യ മാത്രമാണ് യുദ്ധം ആഗ്രഹിക്കുന്നതെന്നും ബൈഡന്‍ പറഞ്ഞു. ആരുമായും സംഘര്‍ഷത്തിനോ ശീത യുദ്ധത്തിനോ അമേരിക്കയ്ക്ക് താല്‍പര്യമില്ലെന്നും യു.എസ്. പ്രസിഡന്റ് വ്യക്തമാക്കി.
യു.എന്‍ ഉടമ്പടിയുടെ നാണംകെട്ട ലംഘനം എന്നാണ് യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ ജോ ബൈഡന്‍ വിശേഷിപ്പിച്ചത്. ക്രൂരവും അനാവശ്യവുമായ സൈനിക നടപടിയാണ് റഷ്യയുടേത്. പരമാധികാരമുള്ള ഒരു രാജ്യത്തെ ഭൂപടത്തില്‍നിന്ന് ഇല്ലാതാക്കാനാണ് വ്ലാഡിമര്‍ പുടിന്റെ ശ്രമം. ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന ഭീഷണി ആ രാജ്യത്തിന് ലോകത്തോട് ഉത്തരവാദിത്തമില്ലെന്ന് തെളിയിക്കുന്നു.
റിസര്‍വ് സൈന്യത്തെ ഇറക്കി യുദ്ധം കടുപ്പിക്കാനുള്ള റഷ്യന്‍ തീരുമാനത്തേയും ബൈഡന്‍ വിമര്‍ശിച്ചു. രക്തംചിന്തി അതിര്‍ത്തി വ്യാപിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. വലിയ രാജ്യങ്ങളെപ്പോലെ ചെറു രാജ്യങ്ങള്‍ക്കും പരമാധികാരം അവകാശമാണ്. സ്കൂളുകളും ആശുപത്രികളും തകര്‍ക്കുന്നതിലൂടെ വലിയ യുദ്ധക്കുറ്റമാണ് റഷ്യ നടത്തുന്നതെന്നതെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും യു.എന്നിലെ പ്രസംഗത്തില്‍ ബൈഡന്‍ വ്യക്തമാക്കി. വണ്‍ ചൈന പോളിസി യു.എസ്. അംഗീകരിക്കുന്നു. എന്നാല്‍ നിലവിലെ സ്ഥിതി മാറ്റിക്കൊണ്ടാവരുത് അതെന്നും ബൈഡന്‍ പറഞ്ഞു.