
എഴുപത്തിയേഴാമത് യു.എന്‍.ജനറല്‍ അസംബ്ലിക്ക് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ തുടക്കം. മൂന്നുവര്‍ഷത്തിനുശേഷമാണ് പ്രതിനിധികള്‍ നേരിട്ട് പങ്കെടുക്കുന്ന സമ്മേളനം. ലോകരാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കണമെന്നും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്നും യു.എന്‍. സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
കോവിഡ് വ്യാപനത്തിനുശേഷം പ്രതിനിധികള്‍ നേരിട്ട് പങ്കെടുക്കുന്ന ആദ്യ സമ്മേളനത്തില്‍ റഷ്യ– യുക്രെയന്‍ യുദ്ധം മുതല്‍ കാലാവസ്ഥാ വ്യതിയാനംവരെ ലോകത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളെല്ലാം ചര്‍ച്ചയാവും. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനെ കുറിച്ചാണ് ആദ്യദിവസം നടത്തിയ പ്രസംഗത്തില്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് പ്രധാനമായും പറഞ്ഞത്. ലോകം ഫോസില്‍ ഇന്ധനങ്ങള്‍ക്ക് അടിപ്പെട്ടുകഴിഞ്ഞു. സമ്പന്ന രാജ്യങ്ങള്‍ ഫോസില്‍ ഇന്ധന കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ തയാറാവണമെന്നും അതില്‍നിന്നുള്ള വരുമാനം കാലാവസ്ഥാ വ്യതിയാനം തടയാന്‍ ഉപയോഗിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതി നശീകരണം തടയാന്‍ എല്ലാ രാജ്യങ്ങളും ഭരണകൂടങ്ങളും കൂട്ടായി യത്നിക്കണം. ലോകത്ത് പരസ്പര വിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുന്നു. അസമത്വം വര്‍ധിച്ചു. വിലക്കയറ്റവും രൂക്ഷമാണ്. സാധാരണ ജനങ്ങളാണ് ഇതിന്റെ ദുരിതം അനുഭവിക്കുന്നത്. . റഷ്യ– യുക്രെയ്ന്‍ യുദ്ധത്തിനു പുറമെ അഫ്ഗാന്‍, എത്യോപ്യ, ഹെയ്തി, ഇറാഖ് എന്നിവിടങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങളും ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷവും ഗുട്ടെറസ് പരാമര്‍ശിച്ചു. ഇനിയുള്ള ദിവസങ്ങളില്‍ വിവിധ രാഷ്ട്രനേതാക്കള്‍ സമ്മേളനത്തില്‍ സംസാരിക്കും.,