കസ്റ്റഡിയിൽ യുവതി മരിച്ചതിൽ ഇറാനിൽ പ്രക്ഷോഭം; മൂന്ന് പേർ കൊല്ലപ്പെട്ടു

ഇറാനിൽ കുർദ് യുവതി പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ പ്രക്ഷോഭം ആളിപ്പടരുന്നു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക്  പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പ്രതിനിധി മഹ്സയുടെ വീട് സന്ദർശിച്ചു.

ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്സ അമിനിയെന്ന 22കാരിയെ മതകാര്യ പൊലീസ് സെപ്റ്റംബർ 13 ന് കസ്റ്റഡിയിൽ എടുത്തത്. ഇതിന് മൂന്ന് ദിവസത്തിന് ശേഷം ടെഹ്റാനിലെ ആശുപത്രിയിൽ വച്ച് മഹ്സയ്ക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കൊലപ്പെടുത്തിയതാണെന്നുമാണ് പ്രതിഷേധക്കാരും മഹ്സയുടെ കുടുംബവും ആരോപിക്കുന്നത്. മഹ്സയുടെ ജന്മനാടായ സാഖെസ് നഗരത്തിലടക്കം ന്യൂനപക്ഷ കുർദ് മേഖലയിലെ 7 പ്രവിശ്യകളിൽ പ്രതിഷേധം മൂന്നാം ദിവസത്തിലേക്കു കടന്നു.  ചില നഗരങ്ങളിൽ ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.