മഹ്സ കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്; ഹൃദ്രോഗമില്ലെന്ന് ബന്ധുക്കൾ

ഇറാനിൽ മതകാര്യപൊലീസിന്റെ കസ്റ്റഡിയിൽ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം കത്തുന്നു. മരിച്ച മഹ്സ അമിനി (22) ക്കു നീതി നേടി ‘മഹ്സ അമിനി’ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ പേർഷ്യൻ ഭാഷയിൽ ട്രെൻഡിങ്ങായി. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ചാണു മതപൊലീസ് കഴിഞ്ഞയാഴ്ച യുവതിയെ കസ്റ്റഡിയിലെടുത്തത്.

മർദ്ദനമേറ്റാണു യുവതി മരിച്ചതെന്ന ആരോപണം പൊലീസ് നിഷേധിച്ചു. തടങ്കലിലുള്ള മറ്റു സ്ത്രീകൾക്കൊപ്പം കഴിയുമ്പോൾ കുഴഞ്ഞുവീണാണു മരിച്ചതെന്നാണു പൊലീസ് ഭാഷ്യം. കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു.

എന്നാൽ പെൺകുട്ടിക്കു ഹൃദയസംബന്ധമായ അസുഖവുമില്ലെന്നു ബന്ധുക്കൾ പറയുന്നു. ടെഹ്റാൻ യൂണിവേഴ്സിറ്റിക്കു പുറത്ത് ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യമുയർത്തി സമരക്കാർ അണിനിരന്നു. മുഖാവരണം മാറ്റി സമരത്തിൽ അണിചേരാനും ചില കേന്ദ്രങ്ങളിൽനിന്ന് ആഹ്വാനമുണ്ടായി. കുർദുകൾക്കു ഭൂരിപക്ഷമുള്ള മേഖലയിൽ നിന്നുള്ള യുവതിയാണു മരിച്ച അമിനി. 

ഇവരുടെ സംസ്കാരം നടന്ന ജൻമനാടായ സാഖ്സിലും സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഗവർണറുടെ വസതിക്കു മുന്നിൽ പ്രതിഷേധം അലയടിച്ചു. പ്രതിഷേധക്കാർക്കു നേരെ പൊലീസ് കണ്ണീർവാതക പ്രയോഗം നടത്തി.