മുത്തുമാലകളും മുത്തശ്ശി സമ്മാനിച്ച ടിയാരയും ഇനിയാർക്ക്?

എലിസബത്ത് രാജ്ഞിയുടെ കോടികള്‍ വിലമതിക്കുന്ന ആടയാഭരണങ്ങള്‍ ഇനി എന്തുചെയ്യുമെന്ന് അറിയാനുള്ള ആകാംഷയിലാണ് ലോകം. ആഭരണങ്ങള്‍ അടുത്ത ഭരണാധികാരിക്ക് കൈമാറുകയാണ് പതിവ്. 

പിതാവ് ജോര്‍ജ് ആറാമന്‍ സമ്മാനിച്ച മൂന്ന് ലെയറുള്ള പേള്‍മാല അണിയാതെ എലിസബത്ത് രാജ്ഞിയെ പൊതുവേദിയില്‍ കണ്ടിട്ടില്ല. പിതാവ് നല്‍കിയതിനു പുറമേ സമാനമായ മറ്റ് രണ്ട് പേള്‍ മാലകളുണ്ട്. എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക ഉപയോഗത്തിന് 300ആഭരണങ്ങളാണ് ഉണ്ടായിരുന്നത്. ഇത് കൂടാതെ അനേകം ആഭരണങ്ങളും വാച്ചുകളും വസ്ത്രങ്ങളും രാജ്ഞിയുടെ സ്വകാര്യസമ്പത്തായുണ്ട്. ഔദ്യോഗിക ശേഖരത്തില്‍ കിരീടം കൂടാതെ 98സൂചിപ്പതക്കങ്ങളും, 16ചെറുകിരീടങ്ങളും, 46കണ്ഠാഭരണങ്ങളും 34ജോഡി കമ്മലുകളും 37വളകളും 15മോതിരങ്ങളും 14വാച്ചുകളും ഉള്‍പ്പെടുന്നു. കിരീടം ഉള്‍പ്പെടെയുള്ള ഔദ്യോഗിക ആഭരണങ്ങള്‍ ചാള്‍സ് രാജാവിനും ക്വീന്‍ കണ്‍സോര്‍ട്ട് കമിലയ്ക്കും ലഭിക്കും. മറ്റ് ആഭരണങ്ങള്‍ രാജകുടുംബാംഗങ്ങള്‍ക്ക് ഉപയോഗിക്കാം. എന്നാല്‍ ഇതാര്‍ക്കെല്ലാം എന്നകാര്യത്തില്‍ ഔദ്യോഗിക തീരുമാനം പുറത്തുവന്നിട്ടില്ല.  ഇതില്‍തന്നെ ചെലതെല്ലാം കേറ്റിനും മേഗനും രാജ്ഞിതന്നെ ഉപയോഗിക്കാന്‍ നല്‍കിയിട്ടുണ്ട്. 

ചെറുകിരീടങ്ങളില്‍ എലിസബത്ത് രാജ്ഞിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മുത്തശി സമ്മാനിച്ച ടിയാരയാണ്.  പാടേക് ഫിലിപ്പിന്റെയും,ഷേഷര്‍ ലുക്കൂര്‍ത്രയുടെയും, കര്‍ട്ടിയേര്‍ വാച്ചുകളുമാണ് രാജ്ഞി ഉപയോഗിച്ചിരുന്നത്. സ്ഥാനാരോഹണ സമയത്ത് ഷേഷര്‍ ലുക്കൂര്‍ത്രയുടെ വാച്ചാണ് ധരിച്ചത്. ഭരണത്തിന്റ 70വര്‍ഷാഘോഷസമയത്ത് വൈറ്റ് ഗോള്‍ഡില്‌‍ വജ്രങ്ങള്‍ പതിച്ച പാടേക് ഫിലിപ്പിന്റെ വാച്ചായിരുന്നു. ഓരോ സാഹചര്യത്തിനും ഓരോ രാജ്യത്തെയും സംസ്കാരത്തിനും അനുസരിച്ചായിരുന്നു എലിസബത്ത് രാജ്ഞിയുടെ വസ്ത്രധാരണം. 1994മുതല്‍ ആംഗല കെല്ലിയാണ് രാജ്ഞിയുടെ വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്തിരുന്നത്. 2001മുതല്‍ രാജ്ഞിയുടെ പേഴ്സനല്‍ അസിസ്റ്റുമായി.  69കാരിയായ ആംഗലയ്ക്ക് വിന്‍സര്‍ കാസിലില്‍ തുടര്‍ന്നും താമസിക്കാനുള്ള എല്ലാ അവകാശങ്ങളും രാജ്ഞി നല്‍കിയിട്ടുണ്ട്.