എന്നും ഇന്ത്യയുടെ സുഹൃത്ത്; മോദിയുടെ പ്രിയചങ്ങാതി; ആബെ വിടവാങ്ങുമ്പോൾ

‘ഒട്ടേറെ സ്വപ്നങ്ങൾ ബാക്കി നിർത്തി, വേദനയോടെ സ്ഥാനമൊഴിയുന്നു, ക്ഷമിക്കുക. ജനത്തിനുവേണ്ടി ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെങ്കിൽ തുടരുന്നതിൽ കാര്യമില്ല.’ 2020 ഓഗസ്റ്റിൽ ജപ്പാന്റെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു രാജി വയ്ക്കാനുള്ള തീരുമാനം അറിയിച്ച് ആബെ ഷിൻസോ പറഞ്ഞ വാക്കുകൾ. ജപ്പാന്റെ സാമ്പത്തിക, രാഷ്ട്രീയ രംഗങ്ങളിൽ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനമാണ്,  2021 സെപ്റ്റംബർ വരെ കാലാവധിയുണ്ടായിരുന്ന ആബെയ്ക്ക്  ആരോഗ്യകാരണങ്ങളാൽ അന്നു സ്വീകരിക്കേണ്ടിവന്നത്.

ജപ്പാനിൽ ഏറ്റവും ദീർഘകാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച നേതാവായിരുന്നു ആബെ. 2006 ൽ ആണ് ആദ്യം അധികാരത്തിലെത്തിയത് – രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജനിച്ച് ജപ്പാൻ പ്രധാനമന്ത്രിപദത്തിലെത്തുന്ന ആദ്യ വ്യക്തി. 52–ാം വയസ്സിൽ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി) പ്രതിനിധിയായി അധികാരമേറ്റ അദ്ദേഹം ജപ്പാന്റെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന വിശേഷണവും നേടി. ആദ്യം സ്ഥാനമേറ്റ് ഒരു വർഷം കഴിഞ്ഞപ്പോൾ ആരോഗ്യകാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞു. 2012 ൽ വീണ്ടും അധികാരത്തിൽ എത്തി. തുടർന്ന് മൂന്നു തവണ കൂടി തുടർച്ചയായി അധികാരത്തിലെത്തി. വൻകുടലിലെ രോഗമാണ് 2020 ൽ പ്രധാനമന്ത്രി സ്ഥാനം വിട്ടിറങ്ങാൻ ആബെയെ പ്രേരിപ്പിച്ചത്. ഒടുവിൽ രാഷ്ട്രീയചൂടേറിയ ഒരു തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായിരിക്കെയാണ് അക്രമിയുടെ വെടിയേറ്റ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത അന്ത്യം. ജപ്പാനിലും ഒപ്പം ലോകത്തിലും ഏറെ തലപ്പൊക്കം നേടിയ ജനനേതാവാണ് ഇങ്ങനെ കാലയവനികയ്ക്കു പിന്നിൽ മറയുന്നത്.

ഇന്ത്യയിലും ഏറെ പരിചിതനായ നേതാവായിരുന്നു ആബെ. ഇന്ത്യയും ജപ്പാനുമായി ഉണ്ടായ നിരവധി വമ്പൻ സൗഹൃദകരാറുകളിലൂടെ ഇന്ത്യയിലെ മാധ്യമതലക്കെട്ടുകളിലെ സ്ഥിരം പേരുകാരൻ. രാജ്യാന്തര വേദികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റസുഹൃത്തു കൂടിയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരരംഗത്ത് ഊഷ്മളബന്ധം ഊട്ടിയുറപ്പിച്ച നിരവധി കരാറുകൾ ഇരുനേതാക്കളും ഒരുമിച്ച് ഒപ്പിട്ടു. 2017 ൽ അലഹാബാദ് – മുംബൈ സ്പീഡ് റെയിലിന് തറക്കല്ലിട്ടതും ഇരുവരും ഒരുമിച്ച്. തന്റെ രോഗവിവരങ്ങൾ അന്വേഷിച്ച് മോദി നടത്തിയ സ്നേഹാന്വേഷണങ്ങൾ ഏറെ ഹൃദയസ്പർശിയാണെന്ന് ഒരിക്കൽ ആബെ ട്വീറ്റിലൂടെ സൂചിപ്പിച്ചു. 

2021 ൽ പത്മവിഭൂഷൺ ബഹുമതി നൽകിയാണ് ഇന്ത്യ ആബെയെ ആദരിച്ചത്. ഈ വർഷം ആദ്യം നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125–ാം ജന്മവാർഷികത്തോടനുബന്ധിച്ച് നേതാജി റിസർച് ബ്യൂറോ ഏർപ്പെടുത്തിയ നേതാജി അവാർഡിന് അർഹനായതും ആബെയായിരുന്നു. ആരോഗ്യകാരണങ്ങളാൽ ഇന്ത്യയിലേക്കു വരാനാകാതെ പോയ ആബെയ്ക്കു വേണ്ടി ജപ്പാൻ കോൺസൽ ജനറൽ നകാമുറ യുതാകയാണ് ജനുവരിയിൽ പുരസ്കാരം ഏറ്റുവാങ്ങിയത്.