ഇന്ധന പ്രതിസന്ധി രൂക്ഷം; സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ശ്രീലങ്ക

srilankafuel-04
ചിത്രം : ഗൂഗിൾ
SHARE

ഇന്ധന പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ സ്വകാര്യ സ്കൂളുകൾ ഉൾപ്പടെ രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശ്രീലങ്കൻ സർക്കാർ ഒരാഴ്ച അവധി പ്രഖ്യാപിച്ചു. സിലബസ് അനുസരിച്ചുള്ള പാഠഭാഗങ്ങൾ സ്കൂളുകൾ പൂർത്തിയാക്കുമെന്നും ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. നേരത്തെ ജൂണിലും സ്കൂളുകൾക്ക് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചിരുന്നു. 

സ്കൂളുകൾ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കണമെന്നും അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രിൻസിപ്പലുമാർക്കും യാത്രാക്ലേശമില്ലാത്ത സ്ഥലങ്ങളിൽ ക്ലാസുകൾ നടത്തുന്നതിൽ തടസ്സമില്ലെന്നും ശ്രീലങ്കൻ വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി നിഹാൽ റണസിംഗെ വ്യക്തമാക്കി.  തിങ്കൾ മുതൽ വെള്ളി വരെ ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിനായി രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വൈദ്യുതി ബന്ധം തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനായി പിയുസിഎസ്സെല്ലുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇക്കഴിഞ്ഞ മാർച്ച് മുതലാണ് ശ്രീലങ്ക ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടത്. നിരവധി പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നടക്കുകയും പ്രസിഡന്റ് മഹിന്ദ രാജപക്സെ പ്രധാനമന്ത്രി സ്ഥാനം രാജി വയ്ക്കുകയും റനിൽ വിക്രമസിംഗെ പകരം പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും ചെയ്തിരുന്നു. ഭക്ഷണം, ഇന്ധനം, വ്യവസായം, വൈദ്യുതി തുടങ്ങി സർവത്ര മേഖലകളിലും ശ്രീലങ്ക കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. 

MORE IN WORLD
SHOW MORE