ഗർഭഛിദ്രത്തിനുള്ള അവകാശം റദ്ദാക്കി യുഎസ് സുപ്രീം കോടതി; സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

ചിത്രം : Reuters

യു.എസിൽ ഗർഭഛിദ്രം നിയമ വിധേയമാക്കിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രിം കോടതി. 50 വർഷം മുൻപിറക്കിയ ഉത്തരവാണ് റദ്ദാക്കിയത്. അബോര്‍ഷന്‍ അനുവദിക്കുന്നതില്‍ ഇനി തീരുമാനം സംസ്ഥാനങ്ങളുടേതായിരിക്കും. മൂന്നരക്കോടി വനിതകളെ വിധി പ്രതികൂലമായി ബാധിക്കും. രാജ്യത്തെ വനികളുടെ ആരോഗ്യവും ജീവനും അപകടത്തിലാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു.ഗര്‍ഭം ധരിച്ച് 15 ആഴ്ചയ്ക്കുശേഷം ഗര്‍ഭഛിദ്രം അനുവദനീയമല്ലെന്ന മിസിസിപ്പി സംസ്ഥാനത്തിന്റെ നിയമം ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. റോ വേഴ്സസ് വേഡ് കേസില്‍  ഗര്‍ഭഛിദ്രം നിയമവിധേയമാക്കിക്കൊണ്ട് 1973 ല്‍ ഇറക്കിയ ഉത്തരവ് ഇതോടെ അസാധുവായി.  ഗര്‍ഭം ധരിച്ച് 15 ആഴ്ചയ്ക്കുശേഷം അബോര്‍ഷന്‍  ഇനി അനുവദനീയമല്ല.  അതേസമയം അമേരിക്കയിലെ നിയമമനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്താം. എന്നാല്‍ 13 സംസ്ഥാനങ്ങള്‍ ഇതിനടോകം ഗര്‍ഭഛിദ്രം നിയന്ത്രിച്ചുകൊണ്ട് ഉത്തരവിറക്കിയിട്ടുണ്ട്. മറ്റ് 12 സംസ്ഥാനങ്ങള്‍കൂടി ഇതേ മാതൃക പിന്തുടരുമെന്നും ഉറപ്പാണ്. ഈ സംസ്ഥാനങ്ങളിലെ മൂന്നരക്കോടി സ്ത്രീകളെ നിയമം  പ്രതികൂലമായി ബാധിക്കും. കോടതി വിധി രാജ്യത്തെ 150 വര്‍ഷം പിന്നോട്ടുനടത്തുമെന്നും  സ്ത്രീകളുടെ ആരോഗ്യവും ജീവിതവും അപകടത്തിലാണെന്നും പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു

വിലക്കേര്‍പ്പെടുത്തിയ സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്ക് വിലക്കില്ലാത്ത സംസ്ഥാനങ്ങളിലെ ക്ലിനിക്കുകളെ ഗര്‍ഭഛിദ്രത്തിന് സമീപിക്കാമെന്നും അതിനാവശ്യമായ എല്ലാ സംരക്ഷണവും നല്‍കുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി.   റിപ്പബ്ലിക്കന്‍മാരും യാഥാസ്ഥിതികരുമാണ് ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കണമെന്ന് ശക്തമായി വാദിച്ചത്. വിധിക്കെതിരെ പാര്‍ലമെന്റില്‍  നിയമനിര്‍മാണം നടത്താമെങ്കിലും സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ നിയമം പാസാക്കുക എളുപ്പമല്ല. അതേസമയം സുപ്രീംകോടതി വിധിക്കുപിന്നാലെ യു.എസില്‍ വ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി.