volodymyr-zelensky

റഷ്യന്‍ യുദ്ധത്തെ അതിശക്തമായി യുക്രെയ്‌ൻ ജനത പ്രതിരോധിച്ചുവെന്ന് യുക്രെയ്‍ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. അഞ്ച് ദിവസത്തിനുള്ളിൽ യുക്രെയ്‌ൻ പിടിക്കുമെന്നായിരുന്നു റഷ്യൻ പ്രഖ്യാപനം. റഷ്യ നൽകിയത് അഞ്ച് ദിവസം മാത്രമാണ് എന്നാൽ നാം 50 ദിവസം അതിജീവിച്ചിരിക്കുന്നു. നാം അ‌തിൽ അഭിമാനിക്കണം. റഷ്യയുടെ ആക്രമണത്തിൽ യുക്രെയ്‌നു പിടിച്ചുനിൽക്കാൻ കഴിയില്ലെന്നു കരുതി സൗഹൃദമുള്ള ലോക നേതാക്കൾ പോലും പിന്‍വലിഞ്ഞുവെങ്കിലും ജനം ശക്തമായി പ്രതിരോധം തീർത്തെന്ന് സെലെൻസ്കി പറഞ്ഞു. വ്യാഴാഴ്ച രാത്രി യുക്രെയ്ൻ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സെലെൻസ്കിയുടെ പരമാർശം. റഷ്യൻ നാവികസേനയുടെ കരിങ്കടൽ ഫ്ലീറ്റിന്റെ കൊടിക്കപ്പൽ യുക്രെയ്ൻ നടത്തിയ മിസൈലാക്രമണത്തിൽ ഭാഗികമായി തകർന്നതിനു പിന്നാലെയാണ് യുക്രെയ്‍ൻ പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്‌തത്.

 

‘യുദ്ധം–റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായിരുന്നു. യുക്രെയ്നിലെ ജനത എത്ര കരുത്തുള്ളവരാണെന്നും സ്വാതന്ത്ര്യത്തെയും ആഗ്രഹിക്കുന്നതുപോലെ ജീവിക്കാനുള്ള സാധ്യതയെയും എത്രമാത്രം വിലമതിക്കുന്നുവെന്നും അവർക്ക് അറിയില്ലായിരുന്നു. റഷ്യൻ യുദ്ധക്കപ്പലുകൾ കടലിന്റെ അടിത്തട്ടിൽ ആണെങ്കിലും ഞങ്ങൾ പ്രതിരോധിക്കും.’–സെലെൻസ്കി പറഞ്ഞു. 

 

അതേസമയം, റഷ്യൻ നാവികസേനയുടെ കരിങ്കടൽ ഫ്ലീറ്റിലെ മിസൈൽ ക്രൂസർ കപ്പലായ മോസ്ക്വയെയാണു 2 നെപ്റ്റ്യൂൺ മിസൈലുകൾ ഉപയോഗിച്ച് റഷ്യയെ യുക്രെയ്ൻ ആക്രമിച്ചത്. കപ്പലിനു ക്ഷതം പറ്റിയെന്ന് സ്ഥിരീകരിച്ച റഷ്യ പക്ഷേ, ഇത് ആക്രമണം കാരണമാണെന്ന് സമ്മതിച്ചിട്ടില്ല. കപ്പലിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് തീപിടിച്ചുവെന്നാണ് വിശദീകരണം.