ചിത്രം; ഗൂഗിൾ

ചിത്രം; ഗൂഗിൾ

അത്ര എളുപ്പത്തിൽ നിരസിക്കാനാവാത്ത 43 ബില്യൻ ഡോളറെന്ന വമ്പൻ ഓഫറാണ് ട്വിറ്ററിന്റെ ഡയറക്ടർ ബോർഡിനു മുന്നിൽ ഇലോൺ മസ്ക് വച്ചിരിക്കുന്നത്. വൻപ്രതിസന്ധി നേരിടുന്ന ശ്രീലങ്കയുടെ കടബാധ്യത 45 ബില്യൻ ഡോളറാണ്. ഏകദേശം 2.82 ലക്ഷം രൂപയാണ് (37 ബില്യൻ ഡോളർ) ആണ് നിലവിൽ ട്വിറ്ററിന്റെ മൂല്യം. ഇതിന്റെ 18 ശതമാനത്തോളം ഉയർന്ന വിലയാണ് മസ്ക് ഇപ്പോഴിട്ടിരിക്കുന്നത്.

 

ഒരു ഓഹരിക്ക് 54.20 ഡോളറാണ് (ഏകദേശം 4135 രൂപ) വാഗ്ദാനം. അതായത് മസ്ക് ട്വിറ്ററിൽ നിക്ഷേപിച്ചുതുടങ്ങുന്ന സമയത്തുള്ള ഓഹരിവിലയുടെ 54 ശതമാനം ഉയർന്ന തുക! സാധാരണ ഒരു കമ്പനിയിൽ ഏറ്റവും വലിയ ഓഹരിയുടമ കമ്പനിമൂല്യത്തേക്കാൾ വളരെ ഉയർന്ന തുകയ്ക്ക് ഒരു ഓഫർ നൽകിയാൽ അത് സാധാരണ സ്വീകരിക്കുകയാണ് ബോർഡ് ചെയ്യാറുള്ളത്. എന്നാൽ ട്വിറ്റർ ഒരു മാധ്യമം കൂടിയായതിനാലും സ്വകാര്യ ഉടമസ്ഥതയെന്ന ആശയത്തോടു യോജിപ്പില്ലാത്തതിനാലും ബോർഡ് എന്ത് തീരുമാനമെടുക്കുമെന്നതാണ് നിർണായകമാണ്.

 

ഓഫർ നിരസിച്ചാൽ നിലവിലെ 9.1 ശതമാനം ഓഹരി വിറ്റുകളഞ്ഞേക്കാമെന്ന ‘ഭീഷണി’ കൂടി മസ്ക് മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇത് 'ഭീഷണി' അല്ലെന്ന് മസ്ക് പറയുന്നുണ്ടെങ്കിലും താൻ ഉദ്ദേശിച്ച മാറ്റം നടപ്പാക്കാതിരിക്കുന്നിടത്തോളം അതിലെ നിക്ഷേപം നല്ലതല്ലെന്ന മസ്ക്കിന്റെ വാക്കുകളിൽ എല്ലാമുണ്ട്.അങ്ങനെ സംഭവിച്ചാൽ ഓഹരി വില കാര്യമായി ഇടിയുകയും ട്വിറ്ററിനെ ബാധിക്കുകയും ചെയ്യും. ഏറ്റെടുക്കപ്പെടുന്ന കമ്പനിയുടെ താൽപര്യത്തോടെയല്ലാതെ ഒരു കമ്പനി ഏറ്റെടുക്കലിനു ശ്രമിക്കുന്ന 'ഹോസ്റ്റൈൽ ടേക്ക്ഓവർ' എന്നാണ് മസ്കിന്റെ വാങ്ങലിനെ വിശേഷിപ്പിക്കുന്നത്.

 

മറ്റെല്ലാ കാർ കമ്പനികളും പരസ്യത്തിനായി വലിയ തുക ചെലവിടുമ്പോൾ കാര്യമായി ഒന്നും തന്നെ ചെലവഴിക്കാത്ത രീതിയാണ് മസ്കിന്റെ കമ്പനിയായ ടെസ്‍ല സ്വീകരിക്കാറുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട് സംവദിക്കുന്ന രീതിയാണ് മസ്ക്കിനുള്ളത്. പരമ്പാഗത മാധ്യമങ്ങളുമായി അത്ര ഇഷ്ടത്തിലുമല്ല. ന്യൂസ് ബ്രേക്കുകൾ പിറവികൊള്ളുന്ന സ്ഥലമെന്ന നിലയ്ക്ക് ട്വിറ്റർ ഏറ്റെടുത്താൽ രാജ്യാന്തര മാധ്യമരംഗത്ത് മസ്ക്കിന് ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം ലഭിക്കും.