മൃതദേഹത്തിന് ചുറ്റും 125 പാമ്പുകൾ; ഞെട്ടി പൊലീസും; സംഭവിച്ചത്..?

49–കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പം 125–ഓളം പാമ്പുകളെയും. അമേരിക്കയിലെ മേരിലാൻഡിലെ ചാൾസ്കൗണ്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം. ‍ഡേവിഡ് റിസ്റ്റൺ എന്നയാളിനെയാണ് പാമ്പുകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഡേവിഡിനെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയെന്ന വിവരം പൊലീസിനെ അറിയിച്ചത് അയൽക്കാരാണ്. ഇയാളെ വീടിന് പുറത്തേക്ക് കാണാത്തതിനാൽ അയൽക്കാർ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. ഈ സമയത്താണ് തറയിൽ കിടക്കുന്ന നിലയിൽ ഡേവിഡിനെ കണ്ടെത്തിയത്. ഉടൻ തന്നെ അയൽക്കാരന്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി മരണം സ്ഥിരീകരിച്ചു. പൊലീസ് പരിശോധിച്ചപ്പോഴാണ് മൃതദേഹത്തിന് സമീപം നിരവധി പാമ്പുകളെ കണ്ടത്. 

വിഷമേറിയ മൂര്‍ഖന്‍ പാമ്പുകളും വിഷമില്ലാത്ത പാമ്പുകളും അടക്കം നൂറിലേറെ പാമ്പുകളാണ് വീട്ടില്‍ ഇഴഞ്ഞുനീങ്ങിയിരുന്നത്. ഇവയെയെല്ലാം രഹസ്യമായി വളര്‍ത്തിയിരുന്നവയാണെന്നാണ് പോലീസിന്റെ നിഗമനം. 49-കാരന്റെ മരണത്തില്‍ മറ്റുദുരൂഹതകളില്ലെന്നും പാമ്പ് കടിച്ചല്ല മരണം സംഭവിച്ചതെന്നും പോലീസ് പറയുന്നു. 

ഡേവിഡ് ഇത്രയധികം പാമ്പുകളെ വീട്ടില്‍ വളര്‍ത്തിയിരുന്ന വിവരം അയല്‍ക്കാരോ മറ്റുള്ളവരോ അറിഞ്ഞിരുന്നില്ല. പാമ്പുകളെയെല്ലാം ഡേവിഡ് സുരക്ഷിതമായാണ് വീട്ടില്‍ കൈകാര്യം ചെയ്തിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡേവിഡിന്റെ മകളെത്തിയാണ് മൃതദേഹം സ്ഥിരീകരിച്ചത്. ഡേവിഡിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെല്ലാം പാമ്പുകളെക്കുറിച്ചുള്ള വിശേഷങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. പ്രൊഫൈൽ ചിത്രവും പാമ്പിന്റേതാണ്.