ടോംഗയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു; പിന്നാലെ സുനാമി; യുഎസിലും മുന്നറിയിപ്പ്

സമുദ്രത്തിനടിയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് പസഫിക് ദ്വീപുരാഷ്ട്രമായ ടോംഗയിൽ സുനാമി രൂപപ്പെട്ടു. തീരപ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലും അതിശക്തിമായ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. സുനാമി മുന്നറിയിപ്പിനെ തുടർന്ന് തീരദേശവാസികൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വീടുകളിലേക്ക് തിരമാലകൾ അടിച്ചുകയറുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ടോംഗയിലെ ഫൊനുവാഫോ ദ്വീപിന് 30 കിലോമീറ്റര്‍ തെക്കുകിഴക്കായുള്ള ഹുംഗ ടോംഗ ഹുംഗ ഹാപായ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ 30 വർഷത്തിനിടെ ടോംഗയിലുണ്ടാവുന്ന ഏറ്റവും വലിയ സ്ഫോടനമാണിത്. വെള്ളിയാഴ്ചയാണ് ആദ്യ സ്‌ഫോടനമുണ്ടായത്. എന്നാൽ ശനിയാഴ്ച, ഏഴുമടങ്ങ് ശക്തിയോടെ അഗ്നിപർവതം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ചാരവും വാതകവും 20 കിലോമീറ്ററോളം വ്യാപിച്ചതായി ടോംഗ ജിയോളജിക്കൽ സർവീസസ് അറിയിച്ചു.

അതേസമയം, ദ്വീപിനോട് ചേർന്നുള്ള പ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അയൽരാജ്യമായ ജപ്പാനിലെ അമാമി, തോകറ ദ്വീപുകള്‍, ഓസ്ട്രേലിയയുടെ കിഴക്കൻ തീരങ്ങൾ, ടാസ്മാനിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലും യുഎസിന്റെ ഏതാനും ഭാഗങ്ങളിലുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.