733.19 കോടി ശമ്പളം, സ്വന്തം വിമാനത്തിൽ യാത്ര; ആപ്പിള്‍ മേധാവിയുടെ രാജകീയ നേട്ടം

രാജകീയം ഈ നേട്ടം! ലോകത്ത് ആദ്യമായി 3 ട്രില്ല്യന്‍ ഡോളര്‍ വിപണി മൂല്യമുള്ള കമ്പനിയായി വൻ നേട്ടം കൈവരിച്ച ആപ്പിളിന്റെ ചീഫ് എക്‌സിക്ക്യൂട്ടീവ് ഓഫിസര്‍ ടിം കുക്കിന് ഈ വര്‍ഷം ബോണസടക്കം കമ്പനി നല്‍കിയ തുക ഏകദേശം 733.19 കോടി രൂപയാണ്. കൂടാതെ കുക്കിനു സുരാക്ഷാ ഭീഷണിയുണ്ടെന്ന കാരണത്താല്‍, ആദ്ദേഹത്തോട് ഇനി സ്വന്തം ആവശ്യമായാലും ബിസിനസ് ആവശ്യമായാലും സ്വകാര്യ വിമാനത്തിലെ പറക്കാവൂ എന്നും കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം, കുക്കിന്റെ സുരക്ഷയ്ക്കായി ജീവക്കാരെ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സുരക്ഷ, സ്വകാര്യ വിമാനങ്ങൾ തുടങ്ങിയ ഇനങ്ങളും കുക്കിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ മൊത്തം ശമ്പളം 2020-ലെ പ്രതിഫലമായ 1.4 കോടി ഡോളറിനേക്കാൾ കൂടുതലാണെന്നും ആപ്പിളിന്റെ എസ്ഇസി ഫയലിങ് വെളിപ്പെടുത്തുന്നു. 2011ലാണ് ടിം കുക്ക് ആപ്പിളിന്റെ സിഇഒ ആയി ചുമതലയേറ്റത്. ഏകദേശം 10 വർഷമായി അദ്ദേഹം കമ്പനിയെ നയിക്കുന്നു.

ആപ്പിളിന്റെ എസ്ഇസി ഫയലിങ് പ്രകാരം കുക്കിന്റെ അടിസ്ഥാന ശമ്പളം 30 ലക്ഷം ഡോളറാണ്. ഇതിനു പുറമെ കമ്പനിയുടെ സാമ്പത്തിക, പാരിസ്ഥിതിക സുസ്ഥിരത ലക്ഷ്യങ്ങൾ പൂർത്തിയാക്കിയതിന് 1200 കോടി ഡോളറും നൽകിയിട്ടുണ്ട്. കൂടാതെ സ്വകാര്യ വിമാന യാത്രയ്ക്കായി 712,488 ഡോളർ, സുരക്ഷയ്ക്കായി 630,630 ഡോളർ, അവധിക്കാലം ആഘോഷിക്കാനായി 23,077 ഡോളർ, തന്റെ 401(k) പ്ലാനിലേക്കുള്ള സംഭാവന ഇനത്തിൽ 17,400 ഡോളറും അദ്ദേഹത്തിന് ലഭിച്ചു. 82.35 ദശലക്ഷം ഡോളറിന്റെ ഓഹരികളും അദ്ദേഹം സ്വന്തമാക്കി.

2021-ൽ ആപ്പിൾ ശ്രദ്ധേയമായ വളർച്ച കൈവരിച്ചതായി ഫയലിങ്ങിൽ പരാമർശിക്കുന്നു. ലോക്ക്ഡൗണും കോവിഡ് ഭീതിയും വിൽപനയെ തടസപ്പെടുത്തിയില്ല. കൃത്യമായി പറഞ്ഞാൽ, ആപ്പിൾ 33 ശതമാനം വരുമാന വളർച്ചയും വിൽപനയിലൂടെ 36,500 കോടി ഡോളർ വരുമാനവും സ്വന്തമാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

2021-ലെ ആപ്പിളിന്റെ പ്രകടനവും അതേ വർഷം ആപ്പിളിന്റെ വളർച്ചയ്ക്ക് കുക്ക് സംഭാവന നൽകിയതും പരിഗണിച്ചാണ് സിഇഒയുടെ ഓഹരി വിഹിതം നൽകുന്നത് നിശ്ചയിച്ചതെന്ന് സിഎൻബിസിയിലെ ഒരു റിപ്പോർട്ട് വെളിപ്പെടുത്തി. 2014-ൽ, ആപ്പിൾ സിഇഒയ്ക്ക് ആകെ 14.8 ദശലക്ഷം ഡോളറാണ് ലഭിച്ചിരുന്നത്. അതിൽ ആ സമയത്ത് ഓഹരികൾ ഉൾപ്പെട്ടിരുന്നില്ല. ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം യുഎസിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന എട്ടാമത്തെ സിഇഒ ആണ് ടിം കുക്ക്. നിലവിൽ ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ആണ് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒ.