യുവതി വലിച്ചെറിഞ്ഞത് കോടികൾ മൂല്യമുള്ള അമൂല്യവസ്തു; ഒഴുകിയെത്തിയ ഭാഗ്യം

ഒഴുകിയെത്തിയ ഭാഗ്യത്തിന്റെ ആഹ്ളാദത്തിര ഇപ്പോഴും ഈ യുവതിയെ വിട്ടു പോയിട്ടില്ല. മലേഷ്യയിൽ മത്സ്യത്തൊഴിലാളിയുടെ മകളായ ഐഡ സുരീന ലോങ് എന്ന 41 കാരിയെ ആണ് അപ്രതീക്ഷിത ഭാഗ്യം കടാക്ഷിച്ചത്. കടൽത്തീരത്തു നിന്നും തിമിംഗലത്തിന്റെ ദഹനശിഷ്ടം കിട്ടുകയായിരുന്നു ഇവർക്ക്.  മരാങ്ങിലെ തെരെങ്കാനുവിൽ കടൽത്തീരത്ത് ചൂണ്ടയിടുന്നതിനിടയിലാണ് വെള്ളത്തിനു മുകളിൽ ഒഴുകി നടക്കുന്ന വസ്തു ശ്രദ്ധയിൽ പെട്ടത്. ആദ്യം ചവറുകൾ കൂടിക്കിടക്കുന്നതാകുമെന്ന് കരുതി. കമ്പു കൊണ്ട് നീക്കിയിട്ട വസ്തു കൈയിലെടുത്ത ശേഷം ഉപോയോഗ ശൂന്യമെന്ന് കരുതി കടത്തീരത്ത് തന്നെ ഉപേക്ഷിച്ചു. പിറ്റേന്ന് മത്സ്യം വിൽക്കാൻ അവിടെയെത്തിയപ്പോഴും തലേദിവസം എറിഞ്ഞു കളഞ്ഞ വസ്തു അവിടെത്തന്നെ കിടക്കുന്നതു കണ്ടു. മത്സ്യത്തൊഴിലാളിയായ അച്ഛൻ പറഞ്ഞത് അപ്പോൾ ഓർമ വന്നതിനാൽ ആ വസ്തു വീണ്ടും കൈയിലെടുത്തു സൂക്ഷിച്ചു. 

സൂക്ഷിച്ച് നോക്കിയപ്പോൾ പാറക്കഷണം പോലെ തോന്നിക്കുന്ന വസ്തുവിൽ മെഴുകുപോലുള്ള ആവരണം കണ്ടു. ഉടൻ തന്നെ ഈ വസ്തു വീട്ടിൽ കൊണ്ടുവന്ന് പിതാവിന്റെ കൈയിൽ കൊടുത്തു. മെഴുകുതിരി നാളത്തിൽ ഉരുകിയപ്പോൾ സുഗന്ധം പരന്നതോടെ കടലിൽ നിന്നു കിട്ടിയത് ആംബർഗ്രിസ് തന്നെയെന്ന് ഇവർ ഉറപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയ്ക്കായി മലേഷ്യയിലെ തെരെങ്കാനു സർവകലാശാലയിലേക്ക് ഇതിന്റെ സാംപിളുകൾ കൊണ്ടുപോയിരിക്കുകയായണ്.  കോടികൾ വിലമതിക്കുന്ന ആംബർഗ്രിസാണ് ഐഡ സുരീനയ്ക്ക് കിട്ടിയത്.

കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെയാണ് സ്പേം തിമിംഗലങ്ങളുടെ ദഹനശിഷ്ടം അഥവാ ആംമ്പർഗ്രിസ് അറിയപ്പെടുന്നത്. അത്യപൂർവമാണണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. തിമിംഗലം പുറന്തള്ളുമ്പോൾ ആദ്യം ദ്രവമായിട്ടാണ് ഇത് കാണപ്പെടുന്നത്. രൂക്ഷമായ ഗന്ധവും അപ്പോൾ ഇതിനുണ്ടാകും. പിന്നീടാണ് ഈ വസ്തു ഖരരൂപത്തിലെത്തുന്നത്. ഇതിന് നേരിയ സുഗന്ധവുമുണ്ടാകും. വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ആംമ്പർഗ്രിസ് ഉപയോഗിക്കുക.