ഡെലിവറി വാഹനത്തിൽ നിന്ന് യുവതി പുറത്തിറങ്ങി; ജീവനക്കാരനെ പിരിച്ചുവിട്ട് ആമസോൺ

ഡെലിവറി വാഹനത്തിൽനിന്ന് യുവതി പുറത്തേക്ക് ഇറങ്ങുന്ന വിഡിയോ വൈറലായതിനു പിന്നാലെ ജീവനക്കാരനെ പിരിച്ചുവിട്ട് ഇ–കൊമേഴ്സ് രംഗത്തെ ഭീമൻമാരായ ആമസോൺ. തെരുവിൽ നിർത്തിയിട്ട ആമസോണ്‍ വാഹനത്തിൽനിന്ന് കറുപ്പ് വസ്ത്രം ധരിച്ച ഒരു യുവതി പുറത്തേക്ക് ഇറങ്ങുന്നതും ഡെലിവറി പാർട്നറിനോട് യാത്ര പറഞ്ഞ് നടന്ന് അകലുന്നതുമാണ് വിഡിയോയിൽ ഉള്ളത്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം.

ആരോ ഒരാൾ ഈ രംഗങ്ങൾ‌ പകർത്തി ടിക്ടോക്കിൽ പങ്കുവച്ചു. ഒക്ടോബർ 24ന് ടിക്ടോക്കിൽ പ്രത്യക്ഷപ്പെട്ട ഈ വിഡിയോ വൈകാതെ മറ്റു പ്ലാറ്റ്ഫോമുകളിലേക്കും വ്യാപിച്ചു. ഇതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആമസോൺ ജീവനക്കാരനെ പുറത്താക്കിയത്.‌

ആമസോണ്‍ ജീവനക്കാർ പുലർത്തുന്ന ഉയർന്ന നിലവാരം തകർക്കുന്ന പ്രവൃ‍ത്തിയാണിത്. അനധികൃത വ്യക്തികളെ ഡെലിവറി വാഹനത്തിലേക്ക് പ്രവേശിപ്പിക്കുന്നത് ആമസോണിന്റെ നയങ്ങൾക്ക് എതിരാണ്. അതുകൊണ്ട് ആ ജീവനക്കാരൻ ഇനി മുതൽ ഞങ്ങൾക്കൊപ്പം ഉണ്ടാകില്ല എന്നായിരുന്നു സംഭവത്തെക്കുറിച്ച് ആമസോൺ പ്രതിനിധി ഫോക്സ് ന്യൂസിനോട് പ്രതികരിച്ചത്.