വാഴമറിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളിക്ക് പരുക്ക്; 4 കോടി നഷ്ടപരിഹാരം നൽകാൻ വിധി

വാഴത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ വാഴ ദേഹത്തേക്ക് മറിഞ്ഞ് വീണ് തൊഴിലാളിക്ക് പരുക്കേറ്റു. സംഭവത്തിൽ തൊഴിലാളിക്ക് 4 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി. ഓസ്ട്രേലിയയിലെ ക്വീൻസ്‍ലാന്റ് സുപ്രീംകോടതിയുടേതാണ് വിധി. ജെമി ലോംഗാബോട്ടം എന്നയാള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. 

എൽ ആന്‍ഡ് ആർ കോളിൻസ് ഫാമെന്നാണ് തോട്ടത്തിന്റെ പേര്. ക്വീൻസ്‍ലാന്റിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വാഴക്കുലകൾ വെട്ടിമാറ്റുന്നതിനിടെ കുലച്ചു നിന്ന വാഴ ജെമിയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. സംഭവം നടന്നിട്ട് ഇപ്പോൾ 5 വർഷമായി. 2016 ജൂണിലാണ് അപകടം നടന്നത്. സാരമായ പരുക്കുകളോടെ ജെമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് ശേഷം ഇയാൾക്ക് ജോലി ചെയ്യാൻ സാധിച്ചിട്ടില്ല. 

തനിക്ക് അപകടം സംഭവിക്കാൻ കാരണം കമ്പനിയുടെ അശ്രദ്ധയാണെന്ന് കാണിച്ച് ജെമി പരാതി നൽകി. വലുപ്പമുള്ള വാഴക്കുലകൾ മുറിച്ചു മാറ്റുന്നതിൽ തനിക്ക് പരിശീലനം നൽകിയിരുന്നില്ല എന്നാണ് പരാതി. ജെമിയുടെ ദേഹത്തേക്ക് വീണ വാഴക്കുലയ്ക്ക് 70 കിലോ തൂക്കമുണ്ടായിരുന്നുവെന്ന് കണ്ടെത്തി. കോടതി തൊഴിലാളിക്ക് അനുകൂലമായി വിധി പുറപ്പെടുവിട്ടു. നഷ്ടപരിഹാരമായി 502,740 ഡോളർ നൽകണമെന്നാണ് വിധി.