തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ; ജര്‍മനിയില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധറാലി

പാര്‍ലമെന്‌റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ജര്‍മനിയില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂറ്റന്‍ പ്രതിഷേധറാലി. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് നേതൃത്വം നല്‍കിയ റാലിയില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു

ജര്‍മനി നാളെ പോളിങ് ബൂത്തിലേക്ക നീങ്ങാനിരിക്കെയാണ് രാഷ്ട്രീയപാര്‍ട്ടികളെ ആശങ്കയിലാഴ്ത്തി കൂറ്റന്‍ പ്രതിഷേധ റാലി നടന്നത്. രാജ്യത്തെ 470 നഗരങ്ങളില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ അണിനിരന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും കാലാവസ്ഥാ വ്യതിയാനം തടയാനും ആഗോള താപനം നിയന്ത്രിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ബെര്‍ലിനിലെ റാലിയെ അഭിസംബോധന ചെയ്ത് ഗ്രെറ്റ തുന്‍ബര്‍ഗ് പറഞ്ഞു. ഒരുലക്ഷത്തോളം പേര്‍ ബെര്‍ലിനിലെ റാലിയില്‍ അണിനിരന്നു.

ജര്‍മനിയില്‍ കഴിഞ്ഞ ജൂലൈയിലുണ്ടായ പ്രളയത്തില്‍ നൂറ്റി എണ്‍പതോളം പേര്‍ മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും ജനങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായത്. ഇത്തവണ തിരഞ്ഞെടുപ്പില്‍ പ്രധാന രാഷ്ട്രീയപാര്‍ട്ടികളെല്ലാം പരിസ്ഥിതി സംരക്ഷണം പ്രധാന വാഗ്ദാനമായിമുന്നോട്ടുവച്ചതും ഈ സാഹചര്യത്തിലാണ്. ആഗോള താപനം കുറയ്ക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ ജര്‍മനി ഒപ്പുവച്ചിരുന്നെങ്കിലും ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഏറെ പിന്നിലാണെന്നാണ് ആരോപണം. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്ന് സുപ്രീംകോടതിയും കഴിഞ്ഞ ഏപ്രിലില്‍ അഭിപ്രായപ്പെട്ടിരുന്നു