അഞ്ചാംകിരീടം നേടാന്‍ ജര്‍മനി; കരുത്തേകാന്‍ യുവതാരങ്ങൾ

അഞ്ചാംകിരീടം നേടാനാണ് ജര്‍മനി ഖത്തറിലെത്തുന്നത്. പരിചയസമ്പന്നരായ കളിക്കാര്‍ക്കൊപ്പം  കളത്തിലെ പോരില്‍ നിര്‍ണായകമാകുക മൂന്ന് യുവതാരങ്ങളായിരിക്കും. നിക്കോ ഷ്ളോട്ടര്‍ബെക്കും കായ് ഹാവേര്‍ട്സും ജമാല്‍ മുസിയാലയും ആണ് ആ താരങ്ങള്‍.

2014ലെ ലോകകിരീടവും ചൂടിയാണ് ജര്‍മനി 2018ല്‍ റഷ്യയിലെത്തിയത്. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നിലവിലെ ചാംപ്യന്മാര്‍ നിലംപൊത്തി. എന്നാല്‍ പുതിയ പരിശീലകന്‍ ഹാന്‍സി ഫ്ലിക്കിന്റെ കീഴില്‍ ആത്മവിശ്വാസത്തോടെയാണ് ടീം തയാറെടുപ്പ്. പ്രതിരോധത്തില്‍ നിക്കോ ഷോട്ടര്‍ബെക്കില്‍ നിന്ന് തുടങ്ങുന്നു ജര്‍മനിയുടെ ചെറുപ്പം. 22കാരനായ ഷോട്ടര്‍ബെക്ക് സെന്റര്‍ ബാക്ക് സ്ഥാനത്താണ് കളിക്കുന്നത്. ആവശ്യമെങ്കില്‍ ലെഫ്റ്റ് ബാക്കായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും കളിക്കും. ആറടി മൂന്നിഞ്ചുകാരനായ ഷോട്ടര്‍ബെക്കിന്റെ തലപ്പൊക്കം പ്രതിരോധഭിത്തിയിലേക്ക് ഉയരത്തിലെത്തുന്ന പന്തുകളെ തട്ടിയകറ്റും. പ്രത്യാക്രമണത്തിനുള്ള ലോങ് ബോളുകള്‍ നല്‍കുന്നതിലും ഇന്‍‍ഡയറക്ട് ഫ്രീകിക്കുകള്‍ എടുക്കുന്നതിലും കേമനാണ്. ഇരുകാലുകളും ശക്തമെങ്കിലും ഇടങ്കാലന്‍ ഷോട്ടുകളാണ് കുറച്ചുകൂടി മികച്ചുനില്‍ക്കുന്നത്. എതിര്‍ ടീം ഗോള്‍മുഖത്തേക്ക് എത്തുമ്പോള്‍ അവരില്‍ നിന്ന് പന്ത് തട്ടിയെടുക്കാനും വിടവുകള്‍ കണ്ടെത്തി പാസുകള്‍ നല്‍കാനും മിടുക്കന്‍. പക്ഷെ ഇങ്ങനെ നല്‍കുന്ന പാസുകള്‍ ചെലപ്പോഴെല്ലാം പിഴയ്ക്കാറുണ്ടെന്നത് നിക്കോ ഷോട്ടര്‍ബെക്കിന്റെ ദൗര്ബല്യമാകുന്നു. മധ്യനിരയിലേക്ക് എത്തുമ്പോള്‍ 19കാരന്‍ ജമാല്‍ മുസിയാലയാണ് ജര്‍മനിയുടെ പുതിയ പ്രതീക്ഷ. 2021മുതല്‍ ദേശീയ സീനിയര്‍ ടീമിലുള്ളതാരം ഇതിനകം 17മല്‍സരംകളിച്ചു. കളിക്കളത്തിലെ വേറിട്ടശൈലികൊണ്ട് ഫുട്ബോള്‍ലോകത്തെ പുതിയ ശ്രദ്ധാകേന്ദ്രമാകുകയാണ് ഈതാരം. സ്പെയ്സ് കണ്ടെത്തി പാസുകള്‍ നല്‍കുന്നതിലും പന്തിന്മേലുള്ള കൃത്യമായ നിയന്ത്രണവും ദീര്‍ഘവീക്ഷണവും മുസിയാലയെ വ്യത്യസ്തനാക്കുന്നു. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ മുസിയാല ഇരുവിങ്ങുകളിലു കളിക്കും. സെന്റട്രല്‍ മിഡ്ഫീല്‍ഡറായും ഇറങ്ങും. ഷോട്ടുപാസുകളാണ് ഇഷ്ടം. ഗോളിലേക്ക് നിര്‍ണായക പാസുകള്‍ നല്‍കുന്ന മുസിയാലയുടെ വലതുകാലിനാണ് കൂടുതല്‍ കരുത്ത്. 23കാരന്‍ കായ് ഹവേര്‍ട്സും മധ്യനിരയില്‍ ജര്‍മനിക്കായി ഇറങ്ങുമ്പോള്‍ എതിരാളികള്‍ ഭയക്കണം. 2018മുതല്‍ ജര്‍മനിക്കായി കളിക്കുന്ന ഹവേര്‍ട്സ് സാങ്കേതികത്തികവുള്ളതാരമാണ്. ഇരുകാലുകളിലും മികവോടെ കളിക്കും. മെസ്യൂട്ട് ഓസിലെ ഓര്‍മിപ്പിക്കും ഹാവേര്‍ട്സിന്റെ ശൈലി.മധ്യനിരയില്‍ വിവിധ പൊസിഷനില്‍ കളിക്കാനാകും. എതിരാളികളെ കബളിപ്പിച്ച് വെട്ടിയൊഴിയാനും കറങ്ങിത്തിരിയാനും അസാമാന്യ മെയ്്വഴക്കമുണ്ട്. പാസുകളും ഹെഡറുകളും  ജര്‍മനിയുടെ ആക്രമണങ്ങള്‍ക്ക് കരുത്ത് പകരും