ഭീകരർക്കു നേരെ വ്യോമാക്രമണം; മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടെന്ന് പെന്റഗണ്‍

Representative Image: AP/US AIRFORCE

വടക്കന്‍ സിറിയയിലെ ഇദ്‌ലിബ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന മുതിര്‍ന്ന അല്‍ ഖായിദ നേതാക്കള്‍ക്ക് നേരെ അമേരിക്കന്‍ വ്യോമാക്രമണം. ആക്രമണവിവരം പെന്റഗണ്‍ തന്നെയാണ് പുറത്തവിട്ടത്. തങ്ങള്‍ ലക്ഷ്യമിട്ടവര്‍ക്ക് നേരെ ആക്രമണം നടത്തുന്നതില്‍ വിജയിച്ചതായും മറ്റാര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്നും പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി അവകാശപ്പെട്ടു. 

ലക്ഷ്യംവച്ച അല്‍ ഖായിദ നേതാക്കളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പെന്റഗണ്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, അമേരിക്കന്‍ ഇന്റലിജന്‍സ് ഗ്രൂപ്പായ സൈറ്റ് (SITE) പറയുന്നത് തന്‍സിം ഹുറാസ് അദ് ദിന്‍ എന്ന വടക്കന്‍ സിറിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര സംഘത്തിലെ അബു അല്‍ ബാറ അൽ തുന്‍സിയേയും അബു ഹംസ അല്‍ യമെനിയേയുമാണ് അമേരിക്ക വധിച്ചതെന്നാണ്. അല്‍ ഖായിദയുടെ ഉപവിഭാഗമായാണ് ഈ ഭീകര സംഘടന അറിയപ്പെടുന്നത്.

സിറിയന്‍ സര്‍ക്കാരിനെതിരായ തീവ്ര സുന്നി സംഘടനകളുടെ കേന്ദ്രമാണ് ഇദ്‌ലിബ്. ഹയാത്ത് തെഹ്രിര്‍ അഷ് ഷാം എന്ന പേരിലുള്ള സംഘമാണ് ഇക്കൂട്ടത്തില്‍ പ്രധാനം. സിറിയയിലെ അല്‍ ഖായിദ എന്നറിയപ്പെട്ടിരുന്ന അള്‍ നുസ്‌റയും സമാന ചിന്താഗതിയുള്ളവരും ചേര്‍ന്ന് 2017ലാണ് ഈ സംഘത്തെ രൂപവല്‍ക്കരിക്കുന്നത്. ഇവരില്‍ നിന്നും വേര്‍പെട്ട ഹുറാസ് അദ് ദിന്‍ എന്ന സംഘത്തിനു നേരെയാണ് അമേരിക്കന്‍ ആക്രമണം നടന്നത്.