ട്രെയിൻ ബോഗിയിൽ നിന്നും കുതിച്ച് ഉത്തരകൊറിയൻ മിസൈൽ; ഞെട്ടിച്ച് കിം; വിഡിയോ

ട്രെയിനിൽ നിന്നും ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് അവകാശപ്പെട്ട് ഉത്തരകൊറിയ. ഇതാദ്യമായിട്ടാണ് ഇത്തരത്തിലൊരു പരീക്ഷണം ഉത്തരകൊറിയ നടത്തുന്നത്. ദ ഗാര്‍ഡിയന്‍ ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

രണ്ട്‌ മിസൈലാണ്‌ ട്രെയിൻ കംപാർട്ട്‌മെന്റിൽ സ്ഥാപിച്ച പാഡിൽനിന്ന്‌ വിക്ഷേപിച്ചിരിക്കുന്നത്. ട്രെയിൻ ബോഗിയിൽ നിന്നും മിസൈൽ വിക്ഷേപിക്കുന്നത് പുറത്തുവന്ന വിഡിയോയിൽ വ്യക്തമായി കാണാം. ഇവ 800 കിലോമീറ്റർ അകലെ കടലിലെ ലക്ഷ്യസ്ഥാനത്ത്‌ വിജയകരമായി പതിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ വിഡിയോകളും ചിത്രങ്ങളും വലിയ ആശങ്കയാണ് ഉയർത്തുന്നത്.

വടക്കൻ കൊറിയയുടെ ആണവായുധ പദ്ധതി ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള യുഎസ് നേതൃത്വത്തിലുള്ള ചർച്ചകള്‍ നടന്നിരുന്നു. ഈ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് പുതിയ മിസൈല്‍ പരീക്ഷണമെന്നും ഗാര്‍ഡിയന്‍ റിപ്പോർട്ടിൽ പറയുന്നു. ഈ ആഴ്‍ച മാത്രം ഇത് മൂന്നാം തവണയാണ് കൊറിയ പരീക്ഷണ വിക്ഷേപണ മിസൈലുകൾ നടത്തുന്നത്.