എവര്‍ഗ്രാന്‍ഡ് അടച്ചുപൂട്ടലിലേക്ക്; ചൈനീസ് സമ്പദ്‍വ്യവസ്ഥയ്ക്ക് ആഘാതം

ചൈനീസ് സമ്പദ്‍വ്യവസ്ഥയെ പിടിച്ചുകുലുക്കി  രാജ്യത്തെ ഏറ്റവുംവലിയ റിയല്‍എസ്റ്റേറ്റ് കമ്പനിയായ എവര്‍ഗ്രാന്‍ഡ് അടച്ചുപൂട്ടലിലേക്ക്. കുന്നുകൂടിയ കടമാണ് കമ്പനിയുടെ തകര്‍ച്ചയിലേക്ക് വഴിവെച്ചത്.21 ലക്ഷം കോടിയാണ്  എവര്‍ഗ്രാന്‍ഡിന്‍റെ ബാധ്യത.

1996 ലെ ചൈനീസ് റിയല്‍ എസ്റ്റേറ്റ് കുതിപ്പിനൊപ്പം വളര്‍ന്ന കമ്പനിയാണ് എവര്‍ഗ്രാന്‍ഡ്. ശതകോടീശ്വരനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളുടെ അടുത്ത സുഹൃത്തുമായ സു ജിയായിനാണ് എവര്‍ഗ്രാന്‍ഡിന്‍റെ സ്ഥാപകന്‍. ചൈനീസ് മുന്‍ പ്രധാനമന്ത്രി വെന്‍ ജിയാബാവോയുമായുള്ള അടുത്ത ബന്ധവും ചൈനീസ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സിലെ അംഗത്വവും ആവശ്യത്തില്‍ കൂടുതല്‍ വായ്പ ലഭിക്കാന്‍ സു ജിയായിനെ സഹായിച്ചു.

കടം എടുത്ത് നിക്ഷേപം നടത്തിയെങ്കിലും ചൈനയിലെ റിയല്‍ എസ്റ്റ് മേഖലയിലെ തളര്‍ച്ച എവര്‍ഗ്രാന്‍ഡിന് തിരിച്ചടിയായി. ആവശ്യത്തില്‍ കൂടുതല്‍ വായ്പ എടുക്കുന്നത് ശ്രദ്ദയില്‍പ്പെട്ടതോടെ റെഗുലേറ്ററി അതോറിറ്റികളും ഇടപെട്ടു. 21 ലക്ഷം കോടി രൂപയാണ് ഇന്ന് എവര്‍ഗ്രാന്‍ഡിന്‍റെ കടം. ക്രെഡിറ്റ് റേറ്റിങ് സ്ഥാപനങ്ങള്‍ റേറ്റിങ് കുറച്ചതോടെ ഓഹരിവിപണികളിലും കമ്പനി തകര്‍ന്നടിഞ്ഞു. ചൈനയിലെ ബാങ്കിങ് ധനകാര്യ മേഖലയെ പ്രതികൂലമായി ബാധിക്കുന്നതാണ് എവര്‍ഗ്രാന്‍ഡിന്‍റെ തകര്‍ച്ച.

നിക്ഷേപം തിരികെ ആവശ്യപ്പെട്ട് എവര്‍ഗ്രാന്‍ഡ് ആസ്ഥാനത്ത് സമരവും ആരംഭിച്ചിട്ടുണ്ട്. സു ജിയായിന്‍റെ ധൂര്‍ത്തും ആഡംബര ഭ്രമവും വാര്‍ത്തയിലിടം പിടിച്ചിരുന്നു. തകര്‍ന്ന ഒരു ഫുട്ബോള്‍ ക്ലബിനെ ഏറ്റെടുത്ത് കളിക്കാര്‍ക്ക് കോടികള്‍ പ്രതിഫലം കൊടുത്തും ആഡംബര യാട്ട് വാങ്ങിയും ധാരാളം പണം കളഞ്ഞിട്ടുണ്ട് സു ജിയായിന്‍.  റിയല്‍ എസ്റ്റേറ്റിന് പുറമേ ഇലക്ട്രിക് കാര്‍ നിര്‍മാണം, മാധ്യമ മേഖല എന്നിവിടങ്ങളിലും കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്.

തിരിച്ചുവരുമെന്നും തെറ്റായ മാധ്യമ വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നുമാണ് എവര്‍ഗ്രാന്‍ഡിന്‍റെ വിശദീകരണം.