താലിബാൻ നേതാക്കളെ കണ്ട് ഖത്തർ വിദേശകാര്യ മന്ത്രി; പെണ്‍കുട്ടികള്‍ക്ക് കോളജ് പഠനം തുടരാം

ഖത്തര്‍ വിദേശകാര്യമന്ത്രി കാബൂളില്‍ താലിബാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. താലിബാന്‍ ഭരണം പിടിച്ചതിന് ശേഷം ആദ്യമായാണ് ഒരു നയതന്ത്ര പ്രതിനിധി കാബൂളിലെത്തുന്നത്. ഇതിനിടെ,  പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലാ വിദ്യാഭ്യസത്തിന് നിബന്ധനകളോടെ അനുമതി നല്‍കുമെന്ന് താലിബാന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

ഖത്തര്‍ വിദേശകാര്യമന്ത്രി ഷേഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍  അല്‍ –താനിയാണ് കാബൂളിലെത്തി താലിബാന്‍ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി  മുല്ല മുഹമ്മദ് ഹസന്‍ അകുന്‍ദ്, മുന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി, മധ്യസ്ഥ ചര്‍ച്ചകളിലെ പ്രമുഖന്‍ അബ്ദുല്ല അബ്ദുല്ല എന്നിവരുമായി  ഷേഖ് മുഹമ്മദ്  ചര്‍ച്ച നടത്തി. ഖത്തര്‍ ഭരണാധികാരിയുടെ മുഖ്യ ഉപദേശകന്‍ ഷേഖ് മുഹമ്മദ് ബിന്‍ അഹ്മദ് അല്‍ മൊസ്നാദും ഒപ്പമുണ്ടായിരുന്നു. വ്യത്യസ്ത പാര്‍ട്ടികളുമായി അനുരഞ്ജന ചര്‍ച്ച നടത്തണമെന്ന് താലിബാനോട് ആഹ്വാനം ചെയ്തെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.  

അതിനിടെ, പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം തുടരാമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി അബ്ദുല്‍ ബക്വി ഹഖാനി വ്യക്തമാക്കി. ആണ്‍കുട്ടികള്‍ക്ക് ഒപ്പമിരുന്നുള്ള പഠനം അനുവദിക്കില്ല, ഇസ്ലാമിക വേഷം നിര്‍ബന്ധമായിരിക്കും. ശരിയത്ത് നിയമവും പ്രാദേശിക സംസ്കാരവും അനുസരിച്ച് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനും അനുമതി ഉണ്ടാകുമെന്ന് താലിബാന്‍ സര്‍ക്കാർ‍ വ്യക്തമാക്കി.