വർണവിവേചനത്തിന്റെ കോട്ടകൾ തകർത്ത വേറിട്ട വിപ്ലവകാരി; ഇന്ന് മണ്ടേല ദിനം

ദക്ഷിണാഫ്രിക്കയെ വര്‍ണവിവേചനത്തില്‍ നിന്ന് മോചിപ്പിച്ച നെല്‍സണ്‍ മണ്ടേലയുെട ജന്മദിനമാണ് ഇന്ന്. ലോകമെമ്പാടുമുള്ള വിമോചന സ്വപ്നങ്ങള്‍ക്ക് കരുത്തായി ലോകം ഇന്ന് മണ്ടേല ദിനമായി ആചരിക്കുകയാണ്.

1990 ഫെബ്രുവരി 11. ആ ഞായറാഴ്ച വിക്ടര്‍ വെഴ്സ്റ്റര്‍ ജയിലിന്റെ ഭീമാകാരമായ ഗെയിറ്റ് കടന്ന നെല്‍സണ്‍ മണ്ടേലയുെട ചുവട് ദക്ഷിണാഫ്രിക്കന്‍ രാഷ്ട്രനിര്‍മ്മിതിയിലേക്കായിരുന്നു. വിവിധ ഗോത്രങ്ങളായി തിരിഞ്ഞ് യുദ്ധം തുടര്‍ന്ന നാടിനെ ഒന്നായി ചേര്‍ക്കാന്‍ പൊന്നതായിരുന്നു വിമോചനനായകന്റെ പോരാട്ടങ്ങളത്രയും. ദക്ഷിണാഫ്രിക്കയിലെ ക്യുനുവില്‍ ഗോത്രത്തലവന്റെ മകനായി ജനിച്ച ഹോളിസാസാ മണ്ടേല കോളജ് കാലത്ത് തന്നെ പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിനൊപ്പം തന്നെ പ്രതിഷേധ പണിമുടക്ക് നടത്തി രാജ്യശ്രദ്ധയും നേടി.എന്നാല്‍ മണ്ടേലയെന്ന ജനാതിപത്യ സോഷ്യലിസ്റ്റിനെ ദേശവിരുദ്ധനെന്ന് മുദ്രകുത്തി നിരന്തരവിചാരണക്കിരയാക്കാനായിരുന്നു ഭരണകൂടതീരുമാനം.

അഞ്ച് വര്‍ഷം നീണ്ട വിചാരണകള്‍ സമാധാന സമരത്തില്‍ നിന്ന് സായുധസമരമെന്ന കടുംകൈയിലേക്ക് ജനങ്ങളുടെ സ്വന്തം മഡിബയെ എത്തിച്ചു.എ.എന്‍.സിയുെട നിരോധനം കൂടിയായപ്പോള്‍ സര്‍ക്കാരിനും സൈന്യത്തിനുമെതിരേ ഗറില്ലായുദ്ധം തുടങ്ങി. 62 ല്‍ ജയിലിലടക്കപ്പെട്ട മണ്ടേലയ്ക്ക് പുറം ലോകം കാണാന്‍ 27 വര്‍ഷങ്ങാളാണ് കാത്തിരിക്കേണ്ടിവന്നത്. എന്നാല്‍ വെളുത്തവന്റെ മേധാവിത്വത്തെ അടിയറവ് പറയിപ്പിക്കാന്‍ പൊന്നതായിരുന്നു നീണ്ട 27 വര്‍ഷങ്ങളുെട നിശ്ചയദാര്‍ഢ്യം.ഫ്രീ മണ്ടേല എന്ന ആഫ്രിക്കന്‍ അതിരുകള്‍ ഭേദിച്ച ജനരോഷം ഭരണകൂടത്തെയും മണ്ടേലയുെട മോചനത്തിന് നിര്‍ബന്ധിതരാക്കി. വിക്ടര്‍ വെഴ്സ്റ്റര്‍ ജയിലിലെ 1335 ാം നമ്പറുകാരനില്‍ നിന്ന് വര്‍ണ്ണവെറിക്കെതിരെയുള്ള പോരാട്ടത്തിന്റെ പ്രതീകമായി മാറി ദക്ഷിണാഫ്രിക്കയുടെ പ്രഥമപ്രസിഡന്റ്. പിന്നീടൊരിക്കല്‍ മണ്ടേല കുറിച്ചു. എന്റെ ധൈര്യം ഭയമില്ലായ്മയല്ല. ഭയത്തിന്മേലുള്ള വിജയമാണ്.