പ്രതിവർഷം കിട്ടുന്ന 14 കോടി വേണ്ടെന്ന് നെതർലാൻഡ് രാജകുമാരി; കയ്യടിച്ച് ലോകം

ചെലവിനായി അനുവദിക്കുന്ന 14 കോടിയോളം രൂപ വേണ്ടെന്ന് വ്യക്തമാക്കി നെതർലാൻഡിലെ രാജകുമാരി കാതറിന അമേലിയ. രാജകുമാരിയുടെ ഈ തീരുമാനം വലിയ ചർച്ചയും ജനപ്രീതിയുമാണ് യൂറോപ്പിലുണ്ടാക്കിയിരിക്കുന്നത്. ഇപ്പോൾ 17 വയസാണ് കാതറിനയുടെ പ്രായം. വാർഷിക ചിലവിനായി തനിക്ക് അനുവദിക്കുന്ന 2 മില്യൺ ഡോളർ (14 കോടി രൂപ) രാജകുമാരി നിരസിച്ചു. 

നെതർലാൻഡ് രാജാവ് വില്യം അലക്സാണ്ടറിന്റെയും മാക്സിമ രാജ്ഞിയുടെയും മൂത്ത മകളാണ് കാതറിന–അമേലിയ. വരുന്ന ഡിസംബറിൽ അമേലിയക്ക് 18 വയസ് പൂർത്തിയാകും. പ്രായപൂർത്തിയാകുന്നതോടെ നെതർലാൻഡിലെ നിയമമനുസരിച്ച് ‌രാജ്ഞിയുടെ ചുമതലകൾ കാതറിന–അമേലിയ ഏറ്റെടുക്കണം. ഇതിനായി പ്രതിവർഷം 1.9 മില്യൺ ഡോളർ കാതറിനയ്ക്ക് നൽകും. എന്നാൽ കഴിഞ്ഞ ദിവസം ഡച്ച് പ്രധാനമന്ത്രി മാർക്ക് റുട്ടേയ്ക്ക് അയച്ച കത്തിൽ രാജകുമാരി തന്റെ നയം വ്യക്തമാക്കി. 

കാതറിന അമേലിയയുടെ കത്തിൽ പറയുന്നത് ഇങ്ങനെ: 2021 ഡിസംബർ 7ന് എനിക്ക് 18 വയസ്സാകും. നിയമമനുസരിച്ച് ചിലവിനായി നിശ്ചിത തുക നൽകും. എന്നാൽ രാജ്യത്തിനു ഈ തുക തിരിച്ചു നൽകാനായി ഞാൻ ഒന്നും ചെയ്യുന്നില്ല. മാത്രമല്ല, കൊറോണ വൈറസ് വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ മറ്റു വിദ്യാർഥികൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. അമേലിയ കത്തില്‍ വ്യക്തമാക്കുന്നു. വിദ്യാർഥിയായിരുന്ന കാലത്ത് രാജകുടുംബാംഗം എന്ന നിലയിൽ തനിക്ക് ലഭിച്ച നാലുലക്ഷം ഡോളർ തിരികെ നൽകാനാണ് തീരുമാനമെന്നും കാതറിന–അമേലിയ കത്തിലൂടെ അറിയിച്ചു.