ചൈനയോട് സന്ധിയില്ലാതെ ബൈഡനും; 59 കമ്പനികൾക്ക് വിലക്ക്; കടുത്ത നടപടികൾ

അമേരിക്കൻ പ്രസിഡന്റ് ആരായാലും ചൈനയോടുള്ള നയത്തിൽ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി ബൈഡൻ സർക്കാരും. അമേരിക്കൻ പൗരൻമാർ നിക്ഷേപം നടത്തുന്നത് തടയുന്നതിനായി 59 ചൈനീസ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തി. ഓഗസ്റ്റ് രണ്ട് മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. 

ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങൾക്കാണ് വിലക്ക്. ഈ പട്ടികയിൽ ഹ്യൂവെ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ചൈന ജനറല്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍, ചൈന മൊബൈല്‍ ലിമിറ്റഡ്, കോസ്റ്റാര്‍ ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ നിക്ഷേപിക്കുന്നതില്‍നിന്ന് അമേരിക്കക്കാരെ വിലക്കുന്നതാവും പുതിയ ഉത്തരവ്. 31 സ്ഥാപനങ്ങള്‍ക്കാണ് ട്രംപ് ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. 

വിലക്കിനെതിരെ രൂക്ഷമായാണ് ചൈനയുടെ പ്രതികരണം. കടുത്ത തിരിച്ചടി യുഎസ് നേരിടേണ്ടി വരുമെന്നാണ് ചൈനയുടെ മുന്നറിയിപ്പ്.