മാതാപിതാക്കളോട് പിണങ്ങി കുഴിയെടുത്തു; ഇന്ന് സ്വന്തമായി ഭൂഗർഭവീട്

kid-underground-home.jpg.image.845.440
SHARE

അച്ഛനമ്മമാരോട് പിണങ്ങി ഇറങ്ങി, സ്വന്തമായി വീട് നിർമിച്ച് യുവാവ്. സ്പെയിനിലാണ് സംഭവം. ദേഷ്യം തീർക്കാൻ കുഴിച്ചു തുടങ്ങിയ കുഴിയാണ് ഭൂഗർഭ വീടായി മാറിയത്. അൻഡ്രേസ് കാന്റോ എന്നാണ് ഈ യുവാവിന്റെ പേര്. 

ദേഷ്യം തീർക്കാൻ കയ്യിൽ കിട്ടിയ പികാക്സ് എടുത്ത് അൻഡ്രേസ് തറയിൽ ആഞ്ഞു വെട്ടി കൊണ്ടിരുന്നു. അങ്ങനെ അവിടെ ഒരു ചെറിയ കുഴി രൂപപ്പെട്ടു. വീട്ടുകാരോടുള്ള വഴക്ക് പെട്ടെന്ന് തന്നെ ഒത്തുതീർപ്പായെങ്കിലും അന്ന് നിർമ്മിച്ച ആ കുഴി ഇന്ന് ഒരു കൊച്ചു ഭൂഗർഭ വീടാണ്.

മണ്ണിൽ കുഴി എടുക്കുന്നതിൽ കൗതുകം തോന്നിയ അൻഡ്രേസ് പിന്നീട് സ്കൂൾ കഴിഞ്ഞുള്ള വൈകുന്നേരങ്ങളിൽ ഒരു വിനോദമായി കുഴിക്കൽ തുടർന്നുകൊണ്ടിരുന്നു. ഏറെ നാളത്തെ പരിശ്രമത്തിനുശേഷം മൂന്നു മീറ്റർ ആഴത്തിൽ ഒരു കിടപ്പുമുറിയും വിശ്രമമുറിയും ഉൾപ്പെടുന്ന ഗുഹാവീടാണ് നിർമ്മിച്ചെടുത്തത്. തുടക്കത്തിൽ കൈകൊണ്ടുതന്നെ മണ്ണ് കുഴിച്ചെടുത്ത് ബക്കറ്റിലാക്കി പുറത്തുകളയുകയായിരുന്നു. ഇതിനിടെ അൻഡ്രേസിന്റെ വീട് നിർമ്മാണം കണ്ടു സഹായിക്കാനായി ഒരു സുഹൃത്തും ഒപ്പം കൂടി. സുഹൃത്ത് നൽകിയ ഡ്രില്ലിങ് മെഷീനും പിന്നീട് നിർമ്മാണത്തിൽ ഏറെ സഹായിച്ചു. ഗുഹാവീടിന്റെ നിർമ്മാണം കാര്യമായിത്തന്നെ ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ മണ്ണ് തുരന്നെടുക്കാനുള്ള സാങ്കേതിക മാർഗങ്ങളും വിശദമായി പഠിച്ചു. അങ്ങനെ മണ്ണ് നീക്കം ചെയ്യുന്നതിനായി കപ്പിയും കയറും ഉപയോഗിച്ച് തുടങ്ങി. 

വീതികുറഞ്ഞ പടവുകളിറങ്ങി വേണം ഗുഹാ വീട്ടിലേക്ക് പ്രവേശിക്കുവാൻ. മുറികളിലും പടവുകളിലും പ്രകാശം ലഭിക്കാനുള്ള സംവിധാനങ്ങളുണ്ട്. . കിടപ്പുമുറിയുടെ ഒരുവശത്തായാണ് മണ്ണിൽ തീർത്ത കട്ടിൽ ഒരുക്കിയിരിക്കുന്നത്. വിശ്രമമുറിയിൽ ഒരു കസേരയും ഉണ്ട്. സംഗീതം ആസ്വദിക്കുന്നതിനായി മ്യൂസിക് സിസ്റ്റവും മൊബൈലിൽ നിന്നും വൈഫൈ കണക്ഷൻ ലഭിക്കാനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

2015 ൽ മുത്തച്ഛന്റെ പികാക്സുമായി പറമ്പിലേക്ക് ഇറങ്ങുന്ന സമയത്ത് തന്റെ മനസ്സിൽ എന്തായിരുന്നു എന്ന് ഓർത്തെടുക്കാനാവുന്നില്ല എന്ന് ഇപ്പോൾ 20കാരനായ അൻഡ്രേസ് പറയുന്നു. കുറച്ചു മുറികൾ കൂടി നിർമിച്ച് വീട് വിപുലമാക്കാനാണ് അൻഡ്രേസിന്റെ പദ്ധതി.

MORE IN WORLD
SHOW MORE
Loading...
Loading...