ക‌നത്ത മഞ്ഞിൽ പൊതിഞ്ഞ് കൂടും കുഞ്ഞുങ്ങളും; അടയിരുന്ന് കരുതലായി പരുന്തുകൾ

കുഞ്ഞുങ്ങളെ വളർത്താൻ എന്ത് ത്യാഗവും സഹിക്കാൻ മനുഷ്യരെപ്പോലെ ഒരു പക്ഷേ അവരെക്കാളും കൂടുതൽ ശ്രമിക്കുന്നവരാവും പക്ഷികളും മൃഗങ്ങളും. പ്രകൃതി അനുഗ്രഹിച്ച് നൽകിയ ശേഷികൾ ഉപയോഗിച്ച് അവ തങ്ങളുടെ കർമ്മം നന്നായി നിർവ്വഹിക്കുകയും ചെയ്യും. അത്തരത്തിൽ കൊടും തണുപ്പിനെ വകവെയ്ക്കാതെ മക്കൾക്ക് കാവലിരിക്കുന്ന അമ്മ പരുന്തിന്റെയും അച്ഛൻ പരുന്തിന്റെയും കരുതലാണ് ഇന്ന സോഷ്യൽ മീഡിയയിലെ ചർച്ച.

കലിഫോർണിയയിലെ ബിഗ് ബെയർ വാലിയിൽ നിന്നാണ് മനസ്സ് നിറയുന്ന ചിത്രങ്ങളും വിഡിയോയും പുറത്ത് വന്നിരിക്കുന്നത്.. കടുത്ത മഞ്ഞുവീഴ്ചയെ അവഗണിച്ച് മഞ്ഞിൽ പുതഞ്ഞ് കൂട്ടിൽ അടയിരിക്കുകയാണ് ബാൾഡ് ഈഗിൾ വിഭാഗത്തിൽ പെട്ട അമ്മ പരുന്തും പങ്കാളിയും.

ജാക്കി എന്ന അമ്മ പകുന്തും ഷാഡോ കിങ് എന്ന പങ്കാളിലും കൂടിയാണ് കടുത്ത മഞ്ഞുവീഴ്ചയെ അവഗണിച്ച് മുട്ടയ്ക്ക് കാവലിരിക്കുന്നത്. ഇരുവരും മാറിമാറിയാണ് കൂട്ടിൽ അടയിരിക്കുന്നതും. കൂടുതൽ സമയവും അടയിരിക്കുന്നത് അമ്മ പക്ഷിയാണ് മുട്ടകൾക്ക് കാവൽ. ശരീരം മുഴുവനായും മഞ്ഞു പൊതിയുമ്പോൾ ഇടയ്ക്കിടെ കുടഞ്ഞു കളയുന്നുമുണ്ട്.

കനത്ത തൂവലുകളുടെ സുരക്ഷയാണ് കടുത്ത മഞ്ഞിനെ അവഗണിക്കാൻ പരുന്തുകളെ പ്രാപ്തരാക്കുന്നത്. ഏകദേശം 7000 തൂവലുകളുണ്ട് ഇവയുടെ ശരീരത്തിൽ. ഈ തൂവലുകളാണ് ഒരു കവചമെന്ന പോലെ തണുപ്പിൽ നിന്നും ബാൾഡ് ഈഗിളുകളെ സംരക്ഷിക്കുന്നത്. എന്തായാലും കുഞ്ഞുങ്ങളോടുള്ള പക്ഷികളുടെ കരുതൽ മനുഷ്യർ പോലും പാഠമാക്കണമെന്നാണ് കമന്റുകൾ..