മരത്തിൽ നിറയെ പാമ്പുകൾ; ഇഴഞ്ഞു നീങ്ങുന്ന ദൃശ്യം; അമ്പരപ്പ്

പാമ്പുകളെ വളർത്തുന്ന ഫാമുകളെക്കുറിച്ചു കേട്ടിട്ടുണ്ടോ? വിയറ്റ്നാമിലെ ഡോങ് ടാം സ്നേക്ക് ഫാമിൽ നിന്നുള്ളതാണ് ഈ അപൂർവ കാഴ്ച

മരത്തിൽ നിറയെ പച്ചനിറത്തിലുള്ള പാമ്പുകൾ ഇഴയുകയാണ്. ഹോ ചിമിൻഹ് നഗരത്തിലെ പ്രധാന ആകർഷണ കേന്ദ്രമാണ് ഈ പാമ്പുവളർത്തൽ ഫാം. 30 ഹെക്ടറോളം വ്യാപിച്ചു കിടക്കുന്ന ഈ സ്നേക്ക് ഫാമിൽ വിഷമുള്ളതും ഇല്ലാത്തതുമായ നിരവധി പാമ്പുകളെ വളർത്തുന്നുണ്ട്. പ്രതിവിഷ നിർമാണത്തിനായാണ് പാമ്പുകളെ ഫാമിൽ വളർത്താൻ തുടങ്ങിയത്.

1977ലാണ് ഡോങ് ടാം സ്നേക്ക് ഫാം ആരംഭിച്ചത്. പാമ്പുകടിയേറ്റ പതിനായിരക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. പ്രത്യേക രീതിയിൽ മതിൽ കെട്ടിത്തിരിച്ചാണ് ഇവിടെ പാമ്പുകളെ പാർപ്പിച്ചിരിക്കുന്നത്. മതിലിനു സമീപം വെള്ളം കെട്ടിനിർത്തിയിരിക്കുന്ന കനാലും നടുവിലായി ഇലകൾ ഇടതൂർന്ന് നിൽക്കുന്ന മരവുമുണ്ട്. ഈ മരത്തിലാണ് പാമ്പുകൾ ചുറ്റിപ്പിണഞ്ഞിരിക്കുന്നത്. മൂർഖൻ പാമ്പും ശംഖുവരയനും ഉൾപ്പെടെ വിഷമുള്ളതും ഇല്ലാത്തതുമായ നിരവധിപാമ്പുകൾ ഇവിടെയുണ്ട്. വിഷപ്പാമ്പുകളിൽ നിന്ന് വർഷത്തിൽ ഒരിക്കലാണ് വിഷം ശേഖരിക്കുന്നത്.