‘കൊറോണവൈറസ് അടുത്ത 10 വർഷം കൂടി തുടരും’: ബയോഎൻടെക് സിഇഒ പറയുന്നു

ലണ്ടനിലും മറ്റു രാജ്യങ്ങളിലും കൊറോണവൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനു പിന്നാലെ മറ്റൊരു നിരീക്ഷണവുമായി ബയോഎൻടെക് സിഇഒ ഉഗുർ സാഹിൻ. നിലവിലെ കൊറോണവൈറസ് അടുത്ത പത്ത് വർഷമെങ്കിലും ഭൂമിയിൽ തുടരുമെന്നാണ് സാഹിൻ പറയുന്നത്. ജീവിതം എപ്പോൾ സാധാരണ നിലയിലാകുമെന്ന് ഒരു വെർച്വൽ മീറ്റിൽ ചോദിച്ചപ്പോഴാണ് സാഹിൻ വൈറസ് സമയപരിധിയെക്കുറിച്ച് ഇത്തരമൊരു പ്രതികരണം നടത്തിയത്.

യുഎസ് ഫാർമസ്യൂട്ടിക്കൽ ഭീമനായ ഫൈസറിനൊപ്പം വികസിപ്പിച്ചെടുത്ത ബയോഎൻടെക്കിന്റെ വാക്സീൻ ബ്രിട്ടനും യുഎസും ഉൾപ്പെടെ 45 ലധികം രാജ്യങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ആറ് ആഴ്ചയ്ക്കുള്ളിൽ പുതിയ വൈറസ് വേരിയന്റിനായി വാക്സീൻ ക്രമീകരിക്കാമെന്നും സാഹിൻ പറഞ്ഞു.

അതേസമയം, ബ്രിട്ടനിലെ കോവിഡ് -19 ന്റെ പുതിയ വേരിയന്റ് വാക്‌സീനുകളുടെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്ന് ആത്മവിശ്വാസമുണ്ടെന്ന് സാഹിൻ പറഞ്ഞു. കോവിഡിന്റെ പുതിയ വെല്ലുവിളി ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് എന്ത് ഫലമുണ്ടാക്കുമെന്നത് കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിന്റെ രണ്ടാമത്തെ പുതിയ വകഭേദം ബ്രിട്ടനിൽ കണ്ടെത്തിയതിനുശേഷം ഈ ആഴ്ച കൂടുതൽ കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. മറ്റൊരു പുതിയ വേരിയന്റ് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാരുമായി ബന്ധപ്പെട്ടതാണെന്നും ഇതുവരെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് പറഞ്ഞു.