മരുഭൂമിയിൽ ലോഹനിർമിത കൂറ്റൻ സ്തംഭം; എങ്ങനെ വന്നുവെന്നതിന് ഉത്തരമില്ല; നിഗൂഢം

അമേരിക്കയിലെ യൂട്ടയിലെ വിജനമായ മരുഭൂമിയിൽ ലോഹനിർമിതമായ കൂറ്റൻ സ്തംഭം കണ്ടെത്തി. മണ്ണിന് മുകളിലേക്ക് 12 അടി നീളത്തിൽ ത്രികോണാകൃതിയിലാണ് സ്തംഭം നിൽക്കുന്നത്. വന്യജീവി വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നതിനിടെ യാദൃശ്ചികമായി സ്തംഭം കണ്ടെത്തിയത്. വിചിത്രവും അപൂർവവുമായ ഈ സ്തംഭം എങ്ങനെ ഇവിടെ എത്തി എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ശാസ്ത്രലോകം.

അന്യഗ്രഹ ജീവികൾ ഭൂമിയിൽ അവശേഷിപ്പിച്ചു പോയതാവാം ഇതെന്ന രീതിയിലും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്നാൽ സ്തംഭം മണ്ണിൽ കൃത്യമായി ഉറപ്പിച്ച നിലയിലാണുള്ളത്. അതിനാൽ ആകാശത്തുനിന്നും  താഴേക്കു പതിച്ചതല്ലെന്ന നിഗമനത്തിലാണ് ഗവേഷകർ. തിളങ്ങുന്ന തരത്തിലുള്ള ലോഹം കൊണ്ടാണ് സ്തംഭം നിർമിച്ചിരിക്കുന്നത്. മരുഭൂമിയിൽ  ചുവന്ന പാറക്കെട്ടുകൾക്കുള്ളിലായാണ് സ്തംഭം സ്ഥിതി ചെയ്യുന്നത്. എന്നാൽ സുരക്ഷ കണക്കിലെടുത്ത് സ്ഥലത്തെക്കുറിച്ചും സ്തംഭം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന ലോഹത്തേക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ  അധികൃതർ പുറത്തുവിട്ടിട്ടില്ല.

പ്രശസ്ത ഹോളിവുഡ് ചിത്രമായ 2001: സ്പേസ് ഒഡീസിയിൽ കാണുന്ന തരത്തിൽ  ഭൗമേതര ജീവികൾ നിർമിച്ച മോണോലിത്തുകളുമായി യൂട്ടയിൽ കണ്ടെത്തിയ സ്തംഭത്തിന് സാമ്യതകളുണ്ട്. അതിനാൽ സ്പേസ് ഒഡീസിയുടെ ആരാധകരോ അല്ലെങ്കിൽ ഏതെങ്കിലും കലാകാരന്മാരോ നിർമിച്ച സ്തംഭമാവാം ഇതെന്നും ചില ഗവേഷകർ അഭിപ്രായപ്പെടുന്നു.