അതിർത്തി ലംഘിച്ച് യുഎസ് കപ്പൽ; തുരത്തി ഓടിച്ച് റഷ്യ; തരിപ്പണമാക്കുമെന്ന് മുന്നറിയിപ്പ്

യുഎസ് നാവികസേനയുടെ ഗൈഡഡ് – മിസൈൽ ഡിസ്ട്രോയർ ആയ യുഎസ്എസ് ജോൺ എസ്. മക്‌കെയ്നെ തുരത്തിയോടിച്ച് റഷ്യൻ യുദ്ധക്കപ്പൽ. സീ ഓഫ് ജപ്പാനിൽ റഷ്യയുടെ അധീനതയിൽ വരുന്ന കടൽപ്രദേശത്ത് അനധികൃതമായി പ്രവർത്തിക്കുകയായിരുന്നു യുഎസ്എസ് ജോൺ എസ്.മക്‌കെയ്ന്‍ എന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

മേഖലയിൽനിന്നു പോയില്ലെങ്കിൽ ഇടിച്ചുതകർത്തുകളയുമെന്ന് റഷ്യൻ നാവികസേനാ കപ്പലായ അഡ്മിറൽ വിനോഗ്രാഡോവ് ഭീഷണിപ്പെടുത്തിയെന്നും ഇതേത്തുടർന്ന് യുഎസ് കപ്പൽ പ്രദേശത്തുനിന്നു മാറുകയായിരുന്നുവെന്നും പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. പീറ്റർ ദ് ഗ്രേറ്റ് ഗൾഫിൽവച്ചാണു യുഎസ് കപ്പൽ അതിർത്തി ഭേദിച്ചത്. രണ്ടു കിലോമീറ്ററോളം ഉള്ളിലേക്ക് കപ്പൽ പോയി. കപ്പലിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും റഷ്യ അറിയിച്ചു.