മതം വേണ്ട; ദലൈലാമയുടെ ചിത്രങ്ങളും; തിബറ്റിന്റെ മനസ് മാറ്റാൻ ചൈന

ആത്മീയതയിൽ മുഴുകി ജീവിക്കുന്ന തിബറ്റൻ ജനതയെ ഭൗതിക സൗഭാഗ്യങ്ങളിലേക്ക് വഴി തിരിച്ചുവിടാൻ ശ്രമങ്ങളുമായി ചൈന. ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികളുടെ ഭാഗമായി ജനങ്ങളെ മറ്റിടങ്ങളിലേക്കു മാറ്റി അവർ പിന്തുടര്‍ന്നുവന്ന എല്ലാത്തരം വിശ്വാസങ്ങളെയും പൊളിച്ചെഴുതാനാണു ചൈനയുടെ ശ്രമമെന്നാണു റിപ്പോർട്ട്. നൂറ്റാണ്ടുകളായി മതാധിഷ്ഠിത സമൂഹത്തിന്റെ ഭാഗമായി ആത്മീയാചാര്യനിലും പുനര്‍ജന്മത്തിലും വിശ്വസിച്ചു ജീവിക്കുന്ന ജനതയുടെ ‘മാനസികനില’ നിയന്ത്രിക്കാനാണു ശ്രമിക്കുന്നതെന്ന വിശദീകരണവും ചൈന നൽകുന്നുണ്ട്.

പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി അനുവദിക്കുന്ന വീട്ടില്‍ ബുദ്ധ പ്രാര്‍ഥനയ്ക്കായി പ്രത്യേക മുറി ഒരുക്കാന്‍ അനുവാദമില്ല.‌ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ഔദാര്യം പറ്റുന്നവര്‍ ഇരട്ടത്താപ്പ് കാണിക്കരുതെന്ന വാദമാണ് അധികൃതര്‍ ഉന്നയിക്കുന്നത്. പ്രാര്‍ഥനയ്ക്കായി ഒരു മുറി മാറ്റിവയ്ക്കുമ്പോള്‍ കുടുംബത്തിലെ രണ്ട് കുട്ടികള്‍ ഒരു മുറിയിലേക്കു ചുരുങ്ങേണ്ടിവരും. അതു കുട്ടികളുടെ ആരോഗ്യപരമായ വികാസത്തിനു നല്ലതല്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

ദാരിദ്ര്യ നിര്‍മാർജന പദ്ധതിയുടെ ഗുണഭോക്താക്കളോടും മതപരമായ കാര്യങ്ങള്‍ക്കു പണം ചെലവഴിക്കരുതെന്ന നിര്‍ദേശമാണു നല്‍കിയിരിക്കുന്നത്. വരുമാനം വര്‍ധിക്കുന്ന തരത്തില്‍ നിക്ഷേപം നടത്താനാണ് ഇവരെ ഉപദേശിക്കുന്നത്. പത്തുവര്‍ഷം മുമ്പു വരെ മതപരമായ വിഷയങ്ങളില്‍ മത്സരിച്ചിരുന്നവര്‍ ഇപ്പോള്‍ ഭൗതികനേട്ടങ്ങളുടെ പേരിലാണു മത്സരിക്കുന്നതെന്നു ചൈനീസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

തിബറ്റിലെ ഭൂരിപക്ഷം വീടുകളിലും ഉണ്ടായിരുന്ന ദലൈലാമയുടെ ചിത്രങ്ങളും നിരോധിച്ചു. പകരം പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ ചിത്രം സ്ഥാനം പിടിച്ചു.  ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ പേരില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തിബറ്റില്‍ മനുഷ്യാവകാശ ലംഘനമാണു നടത്തുന്നതെന്നു സന്നദ്ധ സംഘടനകള്‍ വിമര്‍ശനം ഉന്നയിക്കുന്നു.

തിബറ്റിലെ ആയിരക്കണക്കിന് യുവാക്കളെ ബലം പ്രയോഗിച്ച് പട്ടാളകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇവർക്ക് സ്വയം തൊഴിൽ പരിശീലനം നൽകുകയാണെന്നായിരുന്നു ചൈന വിശദമാക്കിയത്.