‘എനിക്ക് ആ വിശ്വാസം കാക്കാനായില്ല, മാപ്പ്’; കണ്ണീർ തുടച്ച് കിമ്മിന്റെ വാക്ക്; അപൂർവം

‘നമ്മുടെ ജനങ്ങൾ ആകാശത്തോളം ഉയരത്തിലും സമുദ്രത്തോളം താഴ്ചയിലും എന്നിൽ വിശ്വാസം പുലർത്തിയിരുന്നു. പക്ഷേ എനിക്ക് അവരുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കാൻ കഴിഞ്ഞില്ല. ഞാൻ അതിൽ നിര്‍വ്യാജം ഖേദിക്കുന്നു..’ കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങൾക്കൊപ്പം നിൽക്കാൻ കഴിയാത്തതിൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പറഞ്ഞ വാക്കുകളാണിത്. ബ്രിട്ടിഷ് മാധ്യമമായ ദി ഗാർഡിയനാണ് അപൂർവമായ ഈ മാപ്പുപറച്ചില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

പ്രസംഗത്തിനിടെ കണ്ണട മാറ്റി കണ്ണീര്‍ തുടയ്ക്കുകയും കിം ചെയ്തുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. തന്റെ പാർട്ടിയുടെ 75ാം ദിനാഘോഷ വേളയിലായിരുന്നു വികാരഭരിതനായി കിമ്മിന്റെ പ്രസംഗം. അദ്ദേഹത്തിന്റെ ഭരണജീവിതത്തിൽ ആദ്യമായിട്ടാകും ഇത്തരമൊരു സന്ദർഭമെന്ന് മാധ്യമങ്ങൾ പറയുന്നു. 

രാജ്യത്ത് കോവിഡ് ബാധിച്ചിട്ടില്ലെന്ന് അവകാശപ്പെടുന്ന കിം പിന്നെ എന്തിനാണ് രാജ്യത്തെ ജനങ്ങളോട്  മാപ്പു പറഞ്ഞത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ‌‌ദക്ഷിണ കൊറിയയുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകാനുള്ള താൽപര്യം പ്രകടിപ്പിച്ച കിം യുഎസിനെ നേരിട്ടു വിമർശിക്കാതിരുന്നതും ചടങ്ങിൽ ശ്രദ്ധേയമായി. ശനിയാഴ്ച നടന്ന ഉത്തര കൊറിയയുടെ സൈനിക പരേഡിൽ രാജ്യത്തെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രദർശിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ മേഖലയിൽ ആശങ്ക ഉടലെടുക്കുന്നതായി ദക്ഷിണ കൊറിയ പറയുകയും ചെയ്തു.