‘മാസ്കില്ല, അകലമില്ല, വമ്പൻ സൈനിക പരേഡ്; കാരണം കോവിഡില്ല’; അമ്പരപ്പിച്ച് കിം

മാസ്കോ, സാമൂഹിക അകലമോ പാലിക്കാതെ സൈനിക പരേഡ് പഴയതിലും മനോഹരമാക്കി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ചൈനയോട് അടുത്ത് കിടന്നിട്ടും ഇതുവരെ രാജ്യത്ത് കോവിഡ് കേസുകൾ ഉണ്ടായിട്ടെന്ന് അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് കേസുകൾ ഇല്ലെന്നാണ് ജനുവരി മുതൽ കിം ജോങ് ഉൻ അവകാശപ്പെടുന്നത്. ഉത്തര കൊറിയയുടെ ഭരണം കയ്യാളുന്ന വർക്കേഴ്സ് പാർട്ടിയുടെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ചായിരുന്നു സൈനിക ശക്തി വിളിച്ചോതുന്ന വമ്പൻ പരേഡ്.

ഉത്തര കൊറിയ പുതുതായി വികസിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരേഡിൽ പ്രദർശിപ്പിച്ചു. യുഎസ് പ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ സാധിക്കുന്നതാണ് പുതിയ മിസൈലാണ് ഇതെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. 2017 ൽ ഉത്തര കൊറിയ പരീക്ഷിച്ച, 13000 കി.മി. സഞ്ചാരശേഷിയുള്ള ‘ഹ്വാസോങ്–15’ ആകാം ഇതെന്നാണ് രാജ്യാന്തര സൈനിക വിദ്ഗധരുടെ വിലയിരുത്തൽ. അതേസമയം, ഹ്വാസോങ് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പാകാം ഇതെന്നും നവംബർ നാലിനു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും പുതിയ മിസൈലിന്റെ പരീക്ഷണമെന്നും റിപ്പോർട്ടുകളുണ്ട്.

2018 ൽ ഡോണൾഡ് ട്രംപുമായി കിം നടത്തിയ ആദ്യ കൂടിക്കാഴ്ചയ്ക്കു ശേഷം ഇതാദ്യമായാണ് ഒരു സൈനിക പരേഡിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രദർശിപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പതിവ് ആക്രമണ ശൈലി ഉപേക്ഷിച്ച് യുഎസ് അടക്കമുള്ള രാജ്യങ്ങളെ കാര്യമായി പരാമർശിക്കാതെയായിരുന്നു കിമ്മിന്റെ പ്രസംഗം.